scorecardresearch
Latest News

വൈക്കത്ത് നടന്നത് രാജ്യത്തിന് വഴികാട്ടിയ പോരാട്ടമെന്ന് സ്റ്റാലിൻ; സമാനതകളില്ലാത്ത സമരമുന്നേറ്റമെന്ന് പിണറായി

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

MK Stalin, Pinarayi Vijayan
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം പിണറായി വിജയന്‍. ഫൊട്ടോ: ജോമോന്‍ ജോര്‍ജ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

മലയാളത്തില്‍ പ്രസംഗം ആരംഭിച്ച സ്റ്റാലിന്‍ വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയ പോരാട്ടമായിരുന്നെന്ന് പറഞ്ഞു. രാജ്യത്ത് പലയിടങ്ങളിലും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം സത്യാഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലടക്കം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വൈക്കം സത്യാഗ്രഹത്തിന് സാധിച്ചിരുന്നതായും സ്റ്റാലിന്‍ വ്യക്തമാക്കി.

“വൈക്കത്ത് എത്തണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. അതിനാലാണ് തമിഴ്നാട്ടിൽ മന്ത്രിസഭാ യോഗം ചേരുന്ന സമയമായിരുന്നിട്ടും കേരള സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയത്. ഉടൽ രണ്ടാണെങ്കിലും ചിന്തകൾ കൊണ്ട് താനും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാണ്,” സ്റ്റാലിന്‍ പറഞ്ഞു.

വൈക്കം സത്യാഗ്രഹം സമാനതകളില്ലാത്ത പോരാട്ടമാണെന്നായിരുന്നു പിണറായി വിജയൻ വിശേഷിപ്പിച്ചത്. “രാജ്യത്തിന് തന്നെ മാതൃകയാകാന്‍ വൈക്കം സത്യാഗ്രഹത്തിന് സാധിച്ചു. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ് നടത്തേണ്ടതല്ല. വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യാഗ്രഹം തെളിയിച്ചു,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഒരേ രീതിയിലുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാനങ്ങളാണ് തമിഴ്നാടും കേരളവും. ഐക്യത്തിൻ്റെ സന്ദേശം നൽകിയ സമരമായിരുന്നു വൈക്കം സത്യാഗ്രഹം. ആ ഐക്യം ഇനിയും തുടരും,” മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മുടെ നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് തടസം നിൽക്കുന്ന ശക്തികളെ തട്ടിമാറ്റണം. അതിന് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. ഇന്ന് രാജ്യത്തെ മതരാഷ്ട്രമാക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ സ്ഥാപിക്കുവാൻ നീക്കങ്ങൾ നടക്കുന്നു. അത് ഇത് തിരിച്ചറിയുവാൻ കഴിയണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mk stalin and pinarayi vijayan together inaugrates vaikom satyagraha 100th anniversary celebrations