scorecardresearch
Latest News

ശശി തരൂരിന്റെ പരിപാടിയിൽനിന്നുള്ള യൂത്ത് കോൺഗ്രസ് പിന്മാറ്റം; പാർട്ടിക്ക് നാണക്കേടെന്ന് എം.കെ.രാഘവൻ

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണം. എഐസിസി തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണമെന്നും രാഘവൻ ആവശ്യപ്പെട്ടു

ശശി തരൂരിന്റെ പരിപാടിയിൽനിന്നുള്ള യൂത്ത് കോൺഗ്രസ് പിന്മാറ്റം; പാർട്ടിക്ക് നാണക്കേടെന്ന് എം.കെ.രാഘവൻ

കോഴിക്കോട്: ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ രൂക്ഷമായി വിമർശിച്ച് എം.കെ.രാഘവൻ എംപി. യൂത്ത് കോൺഗ്രസിന്റെ നടപടി പാർട്ടിക്ക് നാണക്കേടായെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമ്മർദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയതെന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചത്. നേതാക്കൾ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂർ വേണം. എഐസിസി തിരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണമെന്നും രാഘവൻ ആവശ്യപ്പെട്ടു. ശശി തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തം ഉണ്ടാകുമെന്നും രാഘവൻ അറിയിച്ചു.

ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽനിന്നുമാണ് യൂത്ത് കോൺഗ്രസ് പിന്മാറിയത്. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഇന്ന് കോഴിക്കോട് ആയിരുന്നു സെമിനാർ തീരുമാനിച്ചിരുന്നത്. പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് സംസ്ഥാന കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിശദീകരിച്ചിട്ടില്ല. എന്നാൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ നിന്ന് പിന്മാറിയെന്നാണ് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നത്.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടകർ. നാല് ദിവസം വടക്കൻ കേരളത്തിൽ പര്യടനം നടത്തുന്ന ശശി തരൂരിന്റെ പരിപാടികളിൽ ഒന്നായിരുന്നു ഇത്. അതേസമയം, പരിപാടി റദ്ദാക്കിയിട്ടില്ല. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയുടെ നടത്തിപ്പ് ഏറ്റെടുത്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mk raghavan criticises youth congress not attend shashi tharoor programme