കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ലെന്നും കൂട്ടായ സമരങ്ങളും നടക്കണമെന്നും മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീര്‍.

ഒരുമിച്ചു സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. ഭരണപക്ഷത്തോടൊപ്പം നടത്തിയ സംയുക്ത സമരം തെറ്റാണെന്ന അഭിപ്രായമില്ലെന്നും മുനീർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മുമായി സഹകരിച്ചുകൊണ്ടുള്ള സമരത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മുനീറിന്റെ അഭിപ്രായം.

ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും തമ്മിൽ ബന്ധമില്ലെന്ന് അമിത് ഷാ പറയുന്നത് തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.

അതേസമയം, ദേശീയ ജനസംഖ്യ രജിസ്റ്ററി(എൻപിആർ)ന് ദേശീയ പൗരത്വ രജിസ്റ്ററു(എൻസിആർ)മായി ബന്ധമില്ലെന്നായിരുന്നു അമിത് ഷായുടെ വാദം. ”ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. എന്‍ആര്‍സിയില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടും. ജനസംഖ്യാ റജിസ്റ്ററില്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യമില്ല. എന്‍പിആറില്‍ പേരില്ലാത്തവര്‍ക്കു പൗരത്വം നഷ്ടമാകില്ല. എന്‍പിആറിലെ വിവരങ്ങള്‍ എന്‍ആര്‍സിയില്‍ ഉപയോഗിക്കില്ല. എന്‍പിആര്‍ യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്,” അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.