തിരുവനന്തപുരം: വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് മുസ്‌ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ.മുനീര്‍. മറ്റ് വിഭാഗങ്ങളിലെ സ്ത്രീകളെ ഉള്‍പ്പെടുത്താതെ ഹിന്ദു വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുളള മതിലിനെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മുനീറിന്റെ ‘വര്‍ഗീയ മതില്‍’ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന സ്പീക്കറുടെ ആവശ്യം മുനീര്‍ അംഗീകരിച്ചില്ല.
‘സ്ത്രീകള്‍ വര്‍ഗീയവാദികള്‍ ആണെന്നല്ല ഞാന്‍ പറഞ്ഞത്. വര്‍ഗീയ മതിലിനെ കുറിച്ച് പറയുമ്പോള്‍ അതിനെ വളച്ചൊടിക്കരുത്. മുഖ്യമന്ത്രി പറയുന്ന നവോത്ഥാന ആശയത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. കേരളത്തിൽ നടന്നിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്കൊന്നും ഞങ്ങൾ എതിരല്ല. അതിൽ അങ്ങേക്ക് എന്ത് പങ്കാണുള്ളതെന്നും എം.കെ.മുനീര്‍ ചോദിച്ചു.
‘നിങ്ങളുടെ ധാർഷ്ട്യത്തിന് മുമ്പിൽ തലകുനിക്കുന്ന പ്രശ്നമില്ല. നിങ്ങളുടെ ചോരയല്ല എന്‍റെ സിരകളിൽ ഒഴുകുന്നത്. നട്ടെല്ല് ഉയർത്തി നിന്നാണ് സംസാരിക്കുന്നത്. നിങ്ങൾ ഭയപ്പെടുത്തുമ്പോൾ മാളത്ത് പോയി ഒളിക്കുന്ന പാരമ്പര്യമല്ല ഞങ്ങൾക്കുള്ളത്. സ്പീക്കർ പറയുന്നത് ഞാൻ കേൾക്കാം, അംഗീകരിക്കാം. ചെയറിനെ ബഹുമാനിക്കുന്നു. ഇവര്‍ പറയുന്നത് അനുസരിച്ച് ഞാനെന്‍റെ വാക്കുക്കൾ മാറ്റില്ല. ഞാൻ ഓടിളക്കി വന്നതല്ല,’ മുനീര്‍ പറഞ്ഞു.
‘നവോത്ഥാനത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കുണ്ട്. വക്കം മൗലവിയുടെയും മക്തി തങ്ങളുടേയും നവോത്ഥാനത്തെ കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി സംസാരിക്കുന്നില്ല. ചാവറയച്ചനും, തോബിയോസും, എബ്രഹാം മൈക്കിളും, അര്‍ണോസ് പാതിരിയുമൊക്കെ നവോത്ഥാനത്തില്‍ പങ്കെടുത്തിട്ടില്ലേ. നവോത്ഥാനത്തിന് ഏതെങ്കിലും ഒരു വിഭാഗം മാത്രം മതിയെന്നാണോ? ക്രിസ്തീയ-മുസ്‌ലിം വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതിനെ വര്‍ഗീയ മതില്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്. ഏതെങ്കിലും മതത്തിന്‍റെ വിഭാഗത്തിൽ പെടുന്ന ജാതീയ വിഭാഗങ്ങൾ മാത്രം നടത്തുന്ന പരിപാടിക്ക് സർക്കാർ നേതൃത്വം നൽകാൻ പാടില്ലെന്ന് ഇന്ത്യൻ ഭരണഘടന പറഞ്ഞിട്ടുണ്ട്. ജാതി സംഘടനകൾക്കൊപ്പം നിന്നുള്ള വർഗസമരം വിപ്ലവമല്ലെന്ന് സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട്. വിഎസിന്‍റെ ഈ നിലപാടിനൊപ്പമാണ് ഞങ്ങൾ,’ മുനീര്‍ കൂട്ടിച്ചേര്‍ത്തു.