/indian-express-malayalam/media/media_files/uploads/2021/10/ed-questioned-mk-muneer-in-chandrika-daily-money-case-568637-FI.jpg)
Photo: Facebook/ Dr. MK Muneer
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍. ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നതെന്തിനാണ്, മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും എം.കെ. മുനീര്‍ കോഴിക്കോട് പറഞ്ഞു.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന സെമിനാറില്‍ പങ്കെടുക്കുകവെയാണ് മുനീറിന്റെ വിചിത്ര വാദം. ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടും. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോയെന്നും മുനീര്‍ ചോദിച്ചു.
വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ? ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകള്‍ ഉണ്ടാകും എന്ന് നമ്മള്‍ ആലോചിക്കുക. എത്ര പീഡനങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം', ജെന്‍ഡര്‍ ന്യൂട്രാലിറ്റിയല്ല ലിംഗ നീതിയാണ് ആവശ്യമെന്നും മുനീര്‍ പറഞ്ഞു.
നേരത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ കോഴിക്കോട് എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയില്‍ മുനീര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്നാവായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.