കൊച്ചി: മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.കെ.അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
നിത്യഹരിതമായ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അർജുനൻ മാസ്റ്റർ 1968 ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമാ മേഖലയിൽ തന്റെ സ്ഥാനമുറപ്പിക്കുന്നത്. നാടക ഗാനങ്ങളിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. ഇരുന്നൂറോളം സിനിമകളിലായി 600 ലധികം പാട്ടുകൾ അദ്ദേഹം ചിട്ടപ്പെടുത്തി.
Read Also: അനുഗ്രഹപൂർവ്വമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്; അർജുനൻ മാഷിനെ ഓർത്ത് ബിജിബാൽ
2017 ൽ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘എന്നെ നോക്കി’ എന്ന ഗാനത്തിനായിരുന്നു സംസ്ഥാന പുരസ്കാരം. മികച്ച നാടക സംഗീതത്തിനുള്ള സംഗീത നാടക അക്കാദമിയുടെ 16 അവാര്‍ഡുകള്‍ അര്ജുനന് മാസ്റ്റര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ഫെല്ലോഷിപ്പും അദ്ദേഹത്തെ തേടിയെത്തി.
ഓസ്കർ വേദിയിൽ വരെ തിളങ്ങിയ എ.ആർ.റഹ്മാന്റെ തുടക്കവും അർജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് കീബോർഡ് വായിച്ചുകൊണ്ടായിരുന്നു എ.ആർ.റഹ്മാൻ സിനിമാ സംഗീതത്തിലേക്ക് എത്തുന്നത്. ശ്രീകുമാരൻ തമ്പിക്കൊപ്പം ചേർന്ന് അർജുനൻ മാസ്റ്റർ ഒരുക്കിയ ഗാനങ്ങൾ മലയാളി മനസുകളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നതാണ്. വയലാർ, പി.ഭാസ്കരൻ, ഒഎൻവി എന്നിവരുടെ വരികൾക്കും അദ്ദേഹം ഈണം നൽകിയിട്ടുണ്ട്.
1936 മാർച്ച് ഒന്നിന് ഫോർട്ടുകൊച്ചിയിലാണ് അർജുനൻ മാസ്റ്ററുടെ ജനനം. ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടമായ അർജുനൻ മാസ്റ്ററെയും സഹോദരനെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ പഴനിയിലെ ജീവകാരുണ്യ ആശ്രമത്തിലെത്തിക്കുകയായിരുന്നു. ആശ്രമാധിപനായ നാരായണസ്വാമി അർജുനന്റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ് ഒരു സംഗീതാധ്യാപകനെ ഏർപ്പാടാക്കി. പിന്നീട് ഫോർട്ടുകൊച്ചിയിലേക്ക് മടങ്ങിയ അർജുനൻ സംഗീത കച്ചേരികളിലൂടെയാണ് തുടങ്ങിയത്.
ഏറെ നാളുകൾക്ക് ശേഷം ‘പള്ളിക്കുറ്റം’ എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം.കെ.അർജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. തുടർന്ന് ‘കുറ്റം പള്ളിക്ക്’ എന്ന നാടകത്തിനും സംഗീതം പകർന്നു. പിന്നെ നാടക മേഖലയിൽ സജീവമായ അർജുനൻ മാസ്റ്റർ 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.