തിരുവനന്തപുരം: മിസോറം ലോട്ടറിയോടുള്ള സര്‍ക്കാര്‍ നിലപാട് അന്യായമെന്ന് കാണിച്ച് പ്രമുഖ പത്രങ്ങളില്‍ മിസോറം ലോട്ടറി ഡയറക്ടറുടെ പരസ്യം. കേരളത്തിലെ ലോട്ടറി വില്‍പ്പന നിയമപ്രകാരമെന്ന് മിസോറം സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ലോട്ടറി നിയമത്തിലെ ചട്ടങ്ങള്‍ പാലിച്ചാണ് വില്‍പ്പന. പാലക്കാട്ട് നിന്ന് പിടിച്ചെടുത്തത് അനധികൃത ലോട്ടറിയല്ല. ടിക്കറ്റ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ കേരളത്തെ അറിയിച്ചിരുന്നു. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ വിതരണ ചുമതല ഏല്‍പ്പിച്ചത് സര്‍ക്കാരാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ലോട്ടറി നടത്തിപ്പിനെ പറ്റി പരാതികളില്ലെന്നും പരസ്യത്തിൽ അവകാശപ്പെടുന്നു.

Ad

മിസോറം ലോട്ടറി കേരളത്തിലെ വില്‍പനക്കെതിരെ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. മിസോറം ലോട്ടറി കേരളത്തിലെ വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസകും വ്യക്തമാക്കിയതാണ്. സര്‍ക്കാരിന്‍റെ അനുമതി തേടാതെയാണ് ഇപ്പോഴുള്ള വില്‍പന. ചട്ടം പാലിക്കാതെ പരസ്യം നല്‍കി വില്‍ക്കുന്നത് ആരെന്ന് പൊലീസ് അന്വേഷിക്കും. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇവിടെയെത്തുന്നത് മിസോറം ലോട്ടറിയല്ലെന്നും സാന്റിയാഗോ മാർട്ടിന്റെ ലോട്ടറിയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. വിൽപനയ്ക്കെത്തിക്കുന്ന ലോട്ടറികളുടെ എണ്ണവും സീരിയൽ നമ്പരും നികുതി വകുപ്പിന് കൈമാറണമെന്ന് വിജ്ഞാപനം പറയുന്നു. വിൽക്കാതെ ബാക്കിവരുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം എന്നും നിർദ്ദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.