തിരുവനന്തപുരം: കേരളത്തിലെ ലോട്ടറി വിൽപ്പനയിൽ നിന്ന് മിസോറാം സർക്കാർ പിന്മാറി. മിസോറാം ധനമന്ത്രി ലാൽ സാവ്തയാണ് ഇക്കാര്യം അറിയിച്ചത്. കേരള സർക്കാരിന്റെ സമർദ്ദത്തെ തുടർന്നാണ് ലോട്ടറി വിൽപ്പനയിൽ നിന്ന് പിന്മമാറുന്നത് എന്നും മിസോറാം ധനമന്ത്രി പറഞ്ഞു ന്യൂസ്-18 നോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിജയമാണിതെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.

മിസോറം ലോട്ടറി കേരളത്തിലെ വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ അനുമതി തേടാതെയാണ് ഇപ്പോഴുള്ള വില്‍പന. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇവിടെയെത്തുന്നത് മിസോറം ലോട്ടറിയല്ലെന്നും സാന്റിയാഗോ മാർട്ടിന്റെ ലോട്ടറിയാണെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

നിയമവിരുദ്ധമായ ലോട്ടറി നടത്തിപ്പിന് രണ്ടുവർഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ. ലോട്ടറി വിറ്റു വരവ് മുഴുവൻ സംസ്ഥാന ഖജനാവിൽ ഒടുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് മിസോറാം ലോട്ടറി വകുപ്പ് ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സുമായി കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് നികുതി വകുപ്പ് ആരോപിക്കുന്നു..   ഇതിനുപകരം ആവിഷ്കരിച്ച മിനിമം ഗ്യാരണ്ടി റവന്യൂ എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് സിഎജിയുടെ റിപ്പോർട്ട്. സിഎജി നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച വ്യവസ്ഥയുള്ള കരാറുമായി സംസ്ഥാനത്ത് ലോട്ടറി വിൽക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടാണ് കേരളം സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ