തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കുമ്മനത്തിന്റെ രാജിയെന്നാണ് സൂചന. തിരുവനന്തപുരത്തു നിന്നും കുമ്മനം മത്സിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നും അറിയുന്നത്. കുമ്മനത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കുമ്മനത്തിന് പകരം മിസോറാം ഗവര്‍ണറായി പ്രഫസര്‍ ജഗ്ദിഷ് മുഖിയെ പ്രസിഡന്റ് നിയമിച്ചു.

പാർട്ടിയുടെ ദേശീയ നേതൃത്വം അനുവദിക്കുകയാണെങ്കിലും വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന് കുമ്മനം രാജശേഖരൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. കേരളത്തിൽ ബിജെപിയുടെ ശക്തമായ മുഖം തന്നെയാണ് കുമ്മനത്തിന്റേത്. തിരുവനന്തപുരത്ത് കുമ്മനമല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയില്ല എന്ന നിലപാടിലാണ് പാർട്ടി പ്രവർത്തകരും.

ഹിന്ദു ഐക്യവേദി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ 2015ലാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. ജന്മഭൂമി പത്രത്തിന്റെ മുൻ ചെയർമാൻ കൂടിയായിരുന്നു ഇദ്ദേഹം. 2018 മെയ് മാസത്തിലാണ് കുമ്മനം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് മിസോറാം ഗവർണറായി ചുമതലയേൽക്കുന്നത്.

കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു.

1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച കുമ്മനം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു മുഴുവൻ സമയ പ്രവർത്തകനായി മാറി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.