ഇന്ത്യയിൽ എന്താ പലർക്കും പല നീതിയാണോ, അടുത്തിടെ പൊതുജനങ്ങൾക്കിടയിൽ ഉയർന്നു വന്ന ചോദ്യമാണിത്. ചിലതൊക്കെ ഉദാഹരണമായി പലരും ചൂണ്ടികാട്ടുന്നുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഉൾപ്പടെയുള്ള പൊലീസ് വമ്പൻമാരും, മുഖ്യമന്ത്രി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും ഉണർന്നു പ്രവർത്തിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കം ഇവരെല്ലാം പാഞ്ഞെത്തി, പ്രതികൾക്കായി നാടിളക്കി പരിശോധന നടത്തി. പൾസർ സുനിയെ കസ്റ്റഡിയിൽ എടുത്തതിന് ശേഷമാണ് ആലുവ പൊലീസ് ക്ലബിലെ പലരും ഉറങ്ങിയത്. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈലിനായി കായലിൽ പരിശോധന നടത്തിയത് നാവികസേനയാണ്. കാടും നാടും ഇളക്കി മറിച്ച പ്രമാദമായ കേസ്. പൊലീസിനും നേതാക്കൾക്കും കയ്യടിയും ലഭിച്ചു.
പക്ഷെ ഇവിടെ വേറെ ചില കഥകൾകൂടി ഉണ്ട്. പാമ്പാടി നെഹ്‌റു കോളജിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയി, വാളയാറിൽ ആത്മഹത്യ ചെയ്ത സഹോദരിമാർ, ഒടുവിൽ സിഎ വിദ്യാർഥിനി മിഷേൽ ഷാജി. ഈ ഇരകളുടെ കാര്യത്തിൽ രാഷ്ട്രീയക്കാരും, പൊലീസുമുണർന്നത് ദിവസങ്ങൾ കഴിഞ്ഞ്. അന്വേഷണത്തിൽ ഗൗരവം കാണിക്കാതെ പൊലീസ് ഉദ്യോഗസ്ഥർ ആദ്യം നിംസ്സംഗരായി. ചെറുവിരലനക്കാതെ പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളും മൗനം സ്വീകരിച്ചു. പിറവത്തെ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ പക്ഷേ ചില സാധരണക്കാരാണ് ചോദ്യങ്ങൾ ഉയർത്തിയത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഉള്ളവർ മിഷേലിന്റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിലും, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ചർച്ചയായി.
Read More: ഞങ്ങളുടേത് കൂടിയാണ്, ഈ ഭൂമിയും ആകാശവും; തരംഗമായി “സ്ത്രീകളുടെ സ്വന്തം കേരളം”
നവമാധ്യമ ലോകത്ത് നടന്ന ചർച്ച തന്നെയാണ് നേതാക്കളിലും എത്തിയത്. ആറാം ദിനം സിനിമ താരം നിവിൻ പോളി ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു. സംഭവം നടന്ന് ഏഴാം ദിനമാണ് സ്ഥലം എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിച്ചത്. പൊലീസിന്രെ വീഴ്ചയെപ്പറ്റി പരിശോധിക്കാം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു എന്ന് മറുപടി നൽകി സംസ്ഥാനത്തെ മുഖ്യമന്ത്രി. തന്റെ മകളെ കാണാനില്ലെന്ന് പരാതി പറയാൻ രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും രാവിലെ എത്താനാണ് ഏമാൻമാർ പറഞ്ഞതെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. പെൺകുട്ടിയെന്ന പരിഗണന വേണ്ട, ഒരു മനുഷ്യ ജീവൻ എന്ന നിലയ്ക്ക് നിയമപാലകർക്ക് ഈ വിഷയത്തെ സമീപിക്കാമായിരുന്നു.
മിഷേലിന്റെ മരണത്തിലെ ചോദ്യങ്ങൾ സജീവമാകുമ്പോൾ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ സംഭവം ഓർമ വരും. കാരണം മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷയുടെ വാർത്ത ലോകം അറിഞ്ഞത് ദിവസങ്ങൾക്ക് ശേഷമാണ്. ഈ നിംസ്സംഗതയും ഗൗരവക്കുറവും എന്നാണ് അവസാനിക്കുക?.