കൊച്ചി: ഹാര്‍ഡ്‌വെയര്‍ രംഗത്ത് വമ്പന്‍ കുതിച്ചുചാട്ടവുമായി ആദ്യ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാ (കെഎസ്‌യുഎം)ണു ലാബ് ആരംഭിക്കുന്നത്.

അമേരിക്കയ്ക്കു പുറത്തുള്ള ആദ്യ സൂപ്പര്‍ ഫാബ് ലാബാണു കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലെ 10,000 ചതുരശ്ര അടി സ്ഥലത്ത് യാഥാര്‍ഥ്യമാകുന്നത്. ഏഴു കോടിയിലേറെ രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണു സൂപ്പര്‍ ഫാബ് ലാബില്‍ സജ്ജമാകുന്നത്. കളമശേരിയിലും തിരുവനന്തപുരത്തും രണ്ട് ഇലക്ട്രോണിക്‌സ് ഫാബ് ലാബുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

25നു രാവിലെ 11നു കെഎസ്‌യുഎം പാലക്കാട് ഗവ. പോളിടെക്‌നിക്കില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂപ്പര്‍ ഫാബ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം പാലക്കാട് മിനി ഫാബ് ലാബിന്റെയും പാലക്കാട് ഇന്‍കുബേഷന്‍ സെന്റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്‌സി(പിക്‌സ്)ന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.

Read Also: സിദ്ധിഖും വിഷ്ണുനാഥും ഉൾപ്പടെ ആറ് വർക്കിങ് പ്രസിഡന്റുമാർ; കെപിസിസി ഭാരവാഹിപ്പട്ടികയിൽ സമവായം

അങ്ങേയറ്റത്തെ സൂക്ഷ്മതയുള്ള ത്രിഡി സ്‌കാനിങ്ങിനും പ്രിന്റിങ്ങിനുമുള്ള സൗകര്യമാണു സൂപ്പര്‍ ഫാബ് ലാബിനെ വേറിട്ടുനിര്‍ത്തുന്നത്. മെറ്റല്‍ മെഷിനിങ് രംഗത്തെ മള്‍ട്ടി ആക്‌സിസ് മാനുവല്‍ ആന്‍ഡ് സിഎന്‍ജി മില്ലിങ്, ടേണിങ്, കട്ടിങ് തുടങ്ങിയവയൊക്കെ സൂപ്പര്‍ ഫാബ് ലാബില്‍ സാധ്യമാകും.

പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യാനുള്ള ഹൈസ്പീഡ് മെഷീനുകള്‍ കൂടാതെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള സൗകര്യവും അവയുടെ ടെസ്റ്റിങ് ഉപകരണങ്ങളും സൂപ്പര്‍ ഫാബ് ലാബിലുണ്ടാകും. തടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫര്‍ണിച്ചര്‍ പ്രൊട്ടോ ടൈപ്പിങ്ങിനുള്ള യന്ത്രങ്ങളും സൂപ്പര്‍ ഫാബ് ലാബില്‍ ലഭ്യമാണ്.

ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ സംസ്ഥാനത്തിനു വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുന്നതാണു പദ്ധതിയെന്നു കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. യന്ത്രങ്ങള്‍ നിര്‍മിക്കുന്ന യന്ത്രമെന്നാണു ഫാബ് ലാബുകളെ വിശേഷിപ്പിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെയും ഹാര്‍ഡ്‌വെയര്‍ കമ്പനികളുടെയും മികച്ച വളര്‍ച്ചക്ക് സൂപ്പര്‍ ഫാബ് ലാബ് വഴിയൊരുക്കുമെന്നും ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

Read Also: നേപ്പാൾ ദുരന്തം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ആശയങ്ങള്‍ക്കനുസരിച്ചുള്ള വിപണി മാതൃകകള്‍ തയാറാക്കാന്‍ സാധിക്കുമെന്നതാണ് സൂപ്പര്‍ ഫാബ് ലാബിന്റെ പ്രത്യേകത. കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ് ഉത്പന്നങ്ങളായ മാലിന്യനിര്‍മാര്‍ജന റോബോട്ട് ബാന്‍ഡികൂട്ട്, രാജ്യത്തെ ആദ്യ ജലാന്തര്‍ ഡ്രോണ്‍ ഐറോവ് ട്യൂണ എന്നിവയുടെ മാതൃകകള്‍ നിലവിലെ ഫാബ് ലാബുകളിലാണു നിര്‍മിച്ചത്.

ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ്, ബയോ ടെക് ഇന്‍കുബേറ്ററായ ബയോ നെസ്റ്റ് എന്നിവയ്‌ക്കൊപ്പം സൂപ്പര്‍ ഫാബ് ലാബ് കൂടി വരുന്നതോടെ ഇന്റഗ്രേറ്റ്ഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സ് രാജ്യത്തെ തന്നെ ഏറ്റവും സുപ്രധാനമായ സംരംഭക സൗഹൃദകേന്ദ്രമായി മാറും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മിനി ഫാബ് ലാബുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.