മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചരണവുമായി മുന്നേറുന്നതിനിടെ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കിടെ പിഴവ് കണ്ടെത്തി. ഫോം നമ്പര്‍ 26-ല്‍ പതിനാലാമത്തെ കോളത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാതെ വിട്ടുപോയതായാണ് കണ്ടെത്തിയത്.

എന്നാല്‍ പത്രിക തള്ളാന്‍ ഇതു മതിയായ കാരണമല്ലെന്നു വ്യക്തമാക്കിയ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അമിത് മീണ പത്രിക വെള്ളിയാഴ്ച സ്വീകരിച്ചു. പിഴവ് ശ്രദ്ധയില്‍പ്പെട്ട കുഞ്ഞാലിക്കുട്ടി തിരുത്താന്‍ അനുവദിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും എല്‍ഡിഎഫും മറ്റു കക്ഷികളും ശക്തമായി എതിര്‍ത്തു.

പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തിരുത്താന്‍ അവസരമുണ്ടായിരുന്നു. പിഴവ് കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കി പിന്നീട് തിരുത്താനും കഴിയുമായിരുന്നു. എന്നാല്‍ സൂക്ഷ്മപരിശോധയ്ക്കിടെ കണ്ടെത്തുന്ന പിഴവുകള്‍ തിരുത്താന്‍ വകുപ്പില്ല. അതേസമയം കോളം പൂരിപ്പിക്കാന്‍ വിട്ടു പോയി എന്നതുകൊണ്ട് തള്ളാന്‍ പത്രിക തള്ളാന്‍ കഴിയില്ല. ആക്ഷേപമുള്ളവര്‍ക്ക് പരാതിയുമായി കോടതിയെ സമീപിക്കാമെന്നുമാണ് ചട്ടം. ഇതു ചൂണ്ടിക്കാട്ടിയ കളക്ടര്‍ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം പരാതിക്കാരോട് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പത്രിക സ്വീകരിച്ചതിനെതിരെ ബിജെപിയും ആംആദ്മി പാര്‍ട്ടിയും രംഗത്തുവന്നെങ്കിലും പത്രികയിലെ പിഴവ് സംബന്ധിച്ച് നിയമപരമായി നീങ്ങുന്നതു സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി ജയിച്ചാല്‍ മാത്രമെ തീരുമാനമെടുക്കൂവെന്നാണ് എല്‍ഡിഎഫ് നിലപാട്. ഈ ഘട്ടത്തില്‍ പത്രികയില്‍ തിരുത്തലുകള്‍ അനുവദിക്കുന്ന ഒരു ചട്ടവും നിലവിലില്ല. അതു കൊണ്ട് തിരുത്താന്‍ അവസരം ചോദിച്ചുള്ള കുഞ്ഞാലിക്കുട്ടിയെ അപേക്ഷ തള്ളണമെന്ന് എല്‍ഡിഎഫ് കളക്ടറോട് ആവശ്യപ്പെട്ടു.

‘കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ അപാകത കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പത്രിക തള്ളാന്‍ ഇതു മതിയായ കാരണമാകില്ലെന്ന് ചട്ടം വ്യക്തമാക്കുകയും ചെയ്യുന്നു. അതേസമയം തിരുത്താനുള്ള അവസരം അനുവദിച്ചു കൊടുക്കാനാകില്ല. അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമെ പത്രികയിലെ ഈ പിഴവ് ഇടതു മുന്നണിയെ സംബന്ധിച്ച് പ്രശ്‌നമാകുന്നുള്ളൂ. നിയമപരമായി നീങ്ങുന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും,’ സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ പറഞ്ഞു.

ആശ്രിത സ്വത്തിനെ സംബന്ധിച്ച വിവരങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ വിട്ടു പോയത്. വരുമാനത്തിലെ വളര്‍ച്ച മൂടിവച്ചെന്നാണ് ബിജെപിയുടെ ആരോപണം. പത്രിക സ്വീകരിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കി. വരണാധികാരിയായ കളക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കും ഹൈക്കോടതിയിലും ബിജെപി പരാതി നല്‍കും.

നിരവധി തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച പരിചയ സമ്പന്നനായ കുഞ്ഞാലിക്കുട്ടിയുടെ പത്രികയിലെ പിഴവ് മലപ്പുറത്ത് പ്രചാരണ രംഗത്ത് ഏറെ മുന്നിലുള്ള യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതു മറികടക്കാനുള്ള നിയമപരമായ നീക്കങ്ങളും യുഡിഎഫും മുസ്ലിം ലീഗും ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ