ന്യൂഡൽഹി: മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും കന്യാസ്ത്രീകൾ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയാമെന്നും നിരപരാധിയായ ബിഷപ്പിനെയാണ് ക്രൂശിക്കുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നിരപരാധിയെന്ന് പറയുന്ന മിഷനറീസ് ഇൻ ജീസസ് സന്യാസിനി സമൂഹത്തിന്റെ വാർത്താക്കുറിപ്പും ഇന്ന് പുറത്തുവന്നിരുന്നു. ബിഷപ്പ് നിരപരാധിയെന്ന് പ്രഖ്യാപിക്കുന്ന സന്യാസിനിസമൂഹം അന്വേഷണ ഉദ്യോഗസ്ഥരെയും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെയും കുറിച്ച് അധിക്ഷേപാർഹമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട് വാർത്താ കുറിപ്പിൽ.

നേരത്തെ ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്കെതിരായി ഇരയും പരാതിക്കാരിയുമായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതും മിഷനറീസ് ഇൻ ജീസസ് എന്ന ജലന്ധർ ബിഷപ്പിന് കീഴിലുളള കന്യാസ്ത്രീ സഭയായിരുന്നു. ഇതുവരെ വന്നിരുന്ന വാർത്താക്കുറിപ്പുകൾ ടൈപ്പ് ചെയ്തവയായിരുന്നുവെങ്കിൽ ബിഷപ്പിനെ നിരപരാധിയായി പ്രഖ്യാപിച്ചുകൊണ്ടുളള വാർത്താക്കുറിപ്പ് എഴുതിയതാണ്. മിഷനറീസ് ഇന്‍ ജീസസ് മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീന എംജെയുടെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇത് പറയുന്നത്. മദർ ജനറലിന് പുറമെ രണ്ട് കന്യാസ്ത്രീകൾ കൂടെ ഇതിൽ ഒപ്പിട്ടിട്ടുണ്ട്.

“അകാരണമായി പ്രതിയാക്കപ്പെട്ട നിരപരാധിയായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ഥന” നടത്തുമെന്ന് മിഷനറീസ് ഇന്‍ ജീസസ് സന്യാസ സമൂഹം അറിയിക്കുകയും ചെയ്തു. ഇന്ന് സന്യാസ സമൂഹം ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഉപവാസ പ്രാര്‍ഥന നടത്താനാണ് ആഹ്വാനം ചെയ്തിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.