scorecardresearch
Latest News

പിടി സെവനെ പിടികൂടാനായില്ല, ദൗത്യസംഘം മടങ്ങിയെത്തി

നാലു വർഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി 7 എന്ന ഒറ്റക്കൊമ്പൻ

പിടി സെവനെ പിടികൂടാനായില്ല, ദൗത്യസംഘം മടങ്ങിയെത്തി

പാലക്കാട്: ധോണിയിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പിടി 7 എന്ന ഒറ്റയാനെ പിടികൂടാനായില്ല. ആന ഉൾവനത്തിലേക്ക് പോയതു തിരിച്ചടിയായി. ദൗത്യസംഘം മടങ്ങിയെത്തി. നാളെ ദൗത്യം പുനഃരാരംഭിക്കും.

ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടി 7 നെ പിടികൂടാൻ ഉൾവനത്തിലേക്ക് പോയത്. സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ടായിരുന്നു.

72 അംഗ വനപാലകരാണ് പിടി 7 നെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനായിരുന്നു തീരുമാനം.

നാലു വർഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി 7 എന്ന ഒറ്റക്കൊമ്പൻ. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ ആന ചവിട്ടിക്കൊന്നിരുന്നു. നിരവധി പേർ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ഏക്കർ കണക്കിനു കൃഷിയാണ് ഈ കാട്ടുകൊമ്പൻ നശിപ്പിച്ചത്.

പിടി 7 നെ പിടികൂടണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മയക്കുവെടിവച്ച് ആനയെ പിടികൂടാനുള്ള തീരുമാനം വനംവകുപ്പ് എടുത്തെങ്കിലും പിന്നീട് മാറ്റി. ഇതോടെ ജനരോഷം ശക്തമായി. തുടർന്നാണു പിടി 7 നെ പിടികൂടാൻ ദൗത്യസംഘത്തെ നിയോഗിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mission to catch pt7 elephant satrted