തൊടുപുഴ: മൂന്നാറിൽ​ കൈയേറ്റങ്ങള്‍ക്കെതിരായ നടപടി റവന്യൂ വകുപ്പ് ശക്തമാക്കുന്നു.   പട്ടയം  വ്യാജമാണെന്നു കണ്ടെത്തിയ റിസോര്‍ട്ടിന്റെ പട്ടയം ജില്ലാകളക്ടര്‍ റദ്ദാക്കി. ഇതോടെ മൂന്നാറില്‍ ആദ്യമായി ഒരു റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു കളമൊരുങ്ങിയിരിക്കുകയാണ്. മൂന്നാറിനു സമീപം പൂപ്പാറയിലുള്ള മൂന്നാര്‍ ഗേറ്റ് എന്ന റിസോര്‍ട്ടിന്റെ പട്ടയമാണ് വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ റദ്ദാക്കിയത്. 80 സെന്റ് വരുന്ന റിസോര്‍ട്ടിന്റെ പട്ടയം വ്യാജമാണെന്നു കാണിച്ച് സബ് കളക്ടര്‍ പട്ടയം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേസ് പരിഗണിച്ച കോടതി ജില്ലാകളക്ടര്‍ക്കു റിവിഷന്‍ ഹര്‍ജി നല്‍കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പട്ടയം സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് കഴിയാതിരുന്നതിനെത്തുടര്‍ന്ന് പട്ടയം റദ്ദാക്കാന്‍ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ മൂന്നാറില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും കുടുംബാംഗങ്ങളും താമസിക്കുന്ന സ്ഥലത്തു കൈയേറ്റമുണ്ടെന്നു ആരോപണയുർന്നതിനെ തുടർന്ന് സബ് കളക്ടര്‍ ഭൂമി വീണ്ടും അളക്കാന്‍ ഉത്തരവിട്ടു. ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി ജോണും കുടുംബാംഗങ്ങളും താമസിക്കുന്ന ദേവികുളത്തെ ഭൂമിയിലാണ് സബ് കലക്ടറുടെ നിര്‍ദേശാനുസരണം ബുധനാഴ്ച റീസര്‍വേ നടത്തിയത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ ദേവികുളം ടൗണിനു സമീപം സര്‍വേ നമ്പര്‍ 155/2ല്‍ ഉള്‍പ്പെടുന്ന 59 സെന്റ് പട്ടയഭൂമിയിലാണ് ലോക്കല്‍ സെക്രട്ടറിയും സഹോദരങ്ങളും താമസിക്കുന്നത്. ലോക്കല്‍ സെക്രട്ടറിയുടെ പിതാവിന്റെ ബന്ധുവായ ജോര്‍ജ് ദാസ് എന്നയാളുടെ പേരിലുള്ളതാണ് ഈ ഭൂമി. എന്നാല്‍ പട്ടയത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭൂമി ഇവര്‍ കൈയേറിയതായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും സബ് കളക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ സര്‍വേ നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നിര്‍ദേശം നല്‍കിയത്. സര്‍വേ നടത്തിയതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ സബ് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനിടെ ലോക്കല്‍ സെക്രട്ടറിയുടെ ഭൂമി അളന്ന നടപടിക്കെതിരേ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി.

കാലങ്ങളായി സിപിഎം.ലോക്കല്‍ സെക്രട്ടറിയും കുടുംബവും താമസിക്കുന്ന ഭൂമി അളക്കാനുള്ള സബ് കളക്ടറുടെ നീക്കം പാര്‍ട്ടിയോടുള്ള പ്രതികാരത്തിന്റെ വ്യക്തമായ തെളിവാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍ ആരോപിച്ചു. മുന്നറിയിപ്പുകളോ നോട്ടീസോ നല്‍കാതെയാണ് റീസര്‍വേ നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ആളുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്നാറിലെ ടൂറിസവും വികസനവും അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ജനദ്രോഹപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സബ് കലക്ടറുടെ ധിക്കാരപരമായ നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സബ് കലക്ടര്‍ക്കെതിരേ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ഏരിയാ സെക്രട്ടറി കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ബുധനാഴ്ച ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇടുക്കി ജില്ലാ ഭരണകൂടം അടുത്ത ദിവസം മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുമായി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം ദേവികുളത്ത് നടന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനങ്ങളും രൂപരേഖയും സബ്കലക്ടര്‍ കലക്ടര്‍ക്ക് കൈമാറി.

മൂന്നാര്‍ മേഖലയിലെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഇപ്പോള്‍ കഴിയാവുന്നിടത്തോളം വേഗത്തിലാണ് നീങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത് വേഗത്തിലാക്കാന്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്നുള്ള വസ്തുത മുഖ്യമന്ത്രിയെ അറിയിക്കും. ജില്ലയില്‍ നിലവിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ അടുത്തമാസം നടത്താനിരിക്കുന്ന പട്ടയ മേളയുമായി ബന്ധപ്പെട്ട ജോലികളുടെ തിരക്കിലാണ്. പട്ടയമേളയ്ക്കു ശേഷം കൂടുതല്‍ പേരെ കൈയേറ്റം ഒഴിപ്പിക്കുമന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ