തൊടുപുഴ: അരിക്കൊമ്പന്‍ ദൗത്യം നാളെ പുലര്‍ച്ചെ ആരംഭിക്കും. നാളെ രാവിലെ നാലരയോടെ ദൗത്യം ആരംഭിക്കാനാണ് ഇന്ന് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനം. അരിക്കൊമ്പനെ പിടികൂടിയാല്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ദൗത്യത്തോടനുബന്ധിച്ച് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് കുങ്കിയാനകളാണ് അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമാകുന്നത്. 301 കോളനിയിലെ മറയൂർ കുടി ക്യാമ്പിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
പുലർച്ചെ നാലരയോടെ ചിന്നക്കനാലിലെ ബേസ് സ്റ്റേഷനിൽ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം. 301 കോളനിയോട് ചേർന്ന ഭാഗങ്ങളിലാണ് അരിക്കൊമ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. നാല് കുങ്കിയാനകൾ ഉളളതും ഈ മേഖലയിൽത്തന്നെയാണ്.
രാവിലെ ആറുമണിയോടെ മയക്കുവെടിവയ്ക്കാനാണ് നിലവിലെ തീരുമാനം. ഇതിനുളള തോക്കുകളും മരുന്നുകളും ക്യാമ്പില്‍ എത്തിച്ചിട്ടുണ്ട്. വെടിയേറ്റ് മയങ്ങി കഴിഞ്ഞാല്‍ നാല് കുങ്കിയാനകളേയും സമീപത്തേക്ക് എത്തിക്കും. മയക്കം മാറും മുന്‍പ് തന്നെ റേഡിയോ കോളർ ധരിപ്പിച്ച് ലോറിയിലേക്ക് മാറ്റും.