തൊടുപുഴ: അരിക്കൊമ്പനെ പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. നാളെ വീണ്ടും ശ്രമം തുടരും. അരിക്കൊമ്പനെ കണ്ടെത്താന്‍ വനംവകുപ്പിന് കഴിയാതെ വന്നതോടെയാണ് ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദേശം നൽകിയത്.
ചിന്നക്കനാൽ സിമന്റ് പാലത്തിൽ വേസ്റ്റ് കുഴിക്ക് സമീപത്തായി കണ്ടെത്തിയ അരിക്കൊമ്പൻ മരങ്ങൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്ക് നീങ്ങിയതോടെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം പ്രതിസന്ധിയിലായിരുന്നു. ചിന്നക്കനാലിന്റെ വിവിധ മേഖലയില്‍ വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.
വെയിൽ കനത്തതോടെ ആനയെ വെടിവയ്ക്കാൻ തടസങ്ങൾ കൂടി. ഇതോടെ ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. തുടർന്നാണ് സംഘം ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് അരിക്കൊമ്പൻ ദൗത്യസംഘത്തിലുള്ളത്. ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്. അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ. ഇതാണ് ഇത്തവണത്തെയും ദൗത്യസംഘത്തിന്റെ പ്രധാന പ്രശ്നം.
രാവിലെ ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. പടക്കം പൊട്ടിച്ച് ആനയെ കൂട്ടം തെറ്റിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടർന്ന് മരങ്ങൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്ക് അരിക്കൊമ്പൻ നീങ്ങുകയായിരുന്നു.
അരിക്കൊമ്പനെ പിടികൂടിയാല്‍ എങ്ങോട്ട് മാറ്റുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതീവ രഹസ്യമായി ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. ദൗത്യത്തോടനുബന്ധിച്ച് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആദ്യ രണ്ടു വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കാട്ടാനയാണ് അരിക്കൊമ്പന്‍. അരിക്കൊതിയനായ കൊമ്പനായതിനാലാണ് നാട്ടുകാര്‍ അരിക്കൊമ്പൻ എന്ന് വിളിക്കുന്നത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ നാലു മാസത്തിനിടെ 31 വീടുകളും കടകളും തകര്‍ത്തു. ആനയുടെ ആക്രമണത്തിൽ 30 ഓളം പേര്‍ക്ക് പരുക്കേറ്റതായി വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.