scorecardresearch

മിഷന്‍ അരിക്കൊമ്പന്‍: മയക്കുവെടിവെച്ച് പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രില്‍ ഇന്ന്

ആനയെ മയക്കുവെടിവെച്ച ശേഷം റേഡിയോ കോളര്‍ ധരിപ്പിക്കുന്നതും ലോറിയില്‍ കയറ്റുന്നതിനുള്ള പരിശീലനവും നടത്തും

arikomban 1
അരിക്കൊമ്പന്‍

ഇടുക്കി: അരിക്കൊമ്പന്‍ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ക്ഡ്രില്‍ നടത്തുക. ചിന്നക്കനാല്‍ മേഖലയില്‍ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. ദൗത്യസംഘത്തലവന്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ നടക്കുന്നത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതീവ രഹസ്യമായി ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നടത്താനാണ് വനംവകുപ്പിന്റെ നീക്കം. ദൗത്യവുമായി ബന്ധപ്പെട്ട വനം വകുപ്പ്, പൊലീസ്, അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി. വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘങ്ങള്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുക്കും. മയക്കുവെടി വെക്കാന്‍ ഉപയോഗിക്കുന്ന തോക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പരീക്ഷിച്ച് ക്ഷമത ഉറപ്പുവരുത്തും. ദൗത്യത്തിനുള്ള നാല് കുങ്കിയാനകളും ഒന്നരമാസം മുന്‍പ് തന്നെ ചിന്നക്കനാലില്‍ എത്തിയിരുന്നു.

ആനയെ മയക്കുവെടിവെച്ച ശേഷം റേഡിയോ കോളര്‍ ധരിപ്പിക്കുന്നതും ലോറിയില്‍ കയറ്റുന്നതിനുള്ള പരിശീലനവും നടത്തും. ദേവികുളത്ത് മോക്ക്ഡ്രില്ലിന് സമാനമായ തയ്യാറെടുപ്പ് കഴിഞ്ഞമാസം വനംവകുപ്പ് നടത്തിയിരുന്നു. അന്ന് വിവിധ സംഘങ്ങള്‍ ഏതൊക്കെ സ്ഥലങ്ങളില്‍ നിലയുറപ്പിക്കണമെന്നും ഭൗത്യത്തിന് ഉപയോഗിക്കുന്ന വനം വകുപ്പിന്റെ തോക്കുകള്‍, വയര്‍ലെസ് സെറ്റുകള്‍, അഗ്നിരക്ഷാസേനയുടെ ഉപകരണങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mission arikomban mockdrill today