തൊടുപുഴ: അരിക്കൊമ്പന്‍ ദൗത്യത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയതോടെ ആശങ്കയിലായി ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ നാട്ടുകാര്‍. കോടതിയുടെ ഉത്തരവിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും അസംതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഏറെക്കാലത്തെ ആവശ്യമാണ് തടഞ്ഞതെന്നും ഇരുപഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍ പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിന് ഇരയായവരും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കോടതിയുടെ ഉത്തരവിനെതിരെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും പ്രതികരിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്നും മൃഗസംരക്ഷണ സംഘടന കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
അതേസമയം, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കോട്ടയത്ത് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് യോഗം. ഹൈക്കോടതിയിൽ ഇനി സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചർച്ചയെന്നാണ് ലഭിക്കുന്ന വിവരം. ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുക.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന് 29-ാം തീയതി വരെയാണ് സ്റ്റേ. മൃഗസംരക്ഷണ സംഘടനയുടെ ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തിയായിരുന്നു കോടതി ഉത്തരവിട്ടത്.
അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. അരിക്കൊമ്പനെ 29-ാം തീയതി മയക്കുവെടി വയ്ക്കാന്‍ പാടില്ലെന്നും എന്നാല്‍ ഈ കാലയളവില്‍ ആനയെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ചിന്നക്കനാല്‍ സിമന്റ് പാലത്തിലെത്തിച്ച് അരിക്കൊമ്പനെ പിടികൂടാനായിരുന്നു വനം വകുപ്പിന്റെ പദ്ധതി. അരിക്കൊമ്പനെ പിടികൂടാനായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 71 പേരടങ്ങുന്ന 11 ടീമുകളാണു തയാറായിരിക്കുന്നത്.
ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ശേഷം മയക്കുവെടി വച്ചു കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി കോടനാട് എത്തിക്കുകയായിരുന്നു ലക്ഷ്യം. അരിക്കൊമ്പന്‍ ദൗത്യത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളുടെ സംയുക്തയോഗം നടന്നിരുന്നു.