കൊച്ചി: യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയിൽവേ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്‍ജുന്‍ (20) ആണ് കൊല്ലപ്പെട്ടത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത ചതുപ്പ് പ്രദേശമാണിത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച മുമ്പാണ് അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി കൊടുത്തത്. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് അര്‍ജുന്‍. അതേസമയം, അര്‍ജുനെ കാണാനില്ലെന്ന് പരാതി പൊലീസ് ഗൗരവമായി അന്വേഷിച്ചില്ലെന്ന് പിതാവ് ആരോപിച്ചു. അര്‍ജുന്റെ തിരോധാനത്തില്‍ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇവരെ ചോദ്യം ചെയ്തുവിടുകയായിരുന്നുവെന്നും അര്‍ജുന്റെ പിതാവ് ആരോപിച്ചു.

ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോർപസ് ഫയല്‍ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പൊലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തിന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ജുനും സുഹൃത്തും തര്‍ക്കത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. അപകടത്തിലാണ് സുഹൃത്തിന്റെ സഹോദരന്‍ മരിച്ചത്. അര്‍ജുനെ ഇല്ലാതാക്കുമെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മകനെ കാണാതായതെന്നും അര്‍ജുന്റെ പിതാവ് ആരോപിച്ചു. ജൂലൈ 2ന് അഞ്ച് സുഹൃത്തുക്കളില്‍ ഒരാളാണ് മകനെ വീട്ടില്‍ നിന്നും വിളിച്ച് കൊണ്ടു പോയതെന്നും പിതാവ് ആരോപിച്ചു. പ്രതികളെന്ന് സംശയമുള്ളവരെ മൂന്നാം തീയതി കേസ് കൊടുത്തപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണത്തിന് പോലീസ് താൽപ്പര്യം കാട്ടിയില്ല എന്നും അർജുന്റെ കുടുംബം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.