scorecardresearch
Latest News

റെയില്‍വേ കെട്ടിടത്തില്‍ നഗ്‌നമായനിലയില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

crime, ie malayalam
പ്രതീകാത്മക ചിത്രം

കൊല്ലം: റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കൊറ്റങ്കര സ്വദേശിയായ 32-കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില് വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. പിന്നാലെ കുടുംബം കുണ്ടറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊല്ലം ബീച്ചില്‍ ഇവര്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റ് തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് യുവതിയുടെ ബാഗും ഉള്‍വസ്ത്രവും കണ്ടെത്തി.
സംഭവം കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിന് പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തെരച്ചില്‍ നടത്തി. ബീച്ചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Missing woman dead body found in railway quarters