കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടു. എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്നശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോൺക്രീറ്റ് ചെയ്ത് മൂടിയത്. ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40) എന്ന യുവാവിനെയാണ് കാണാതായത്. ഇയാളുടെ അമ്മയാണ് മകനെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശേരിയിലെ വീട്ടിലേക്ക് എത്തിയത്.
സഹോദരി ഭർത്താവാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നുമാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് തറ തുരന്ന് പരിശോധിച്ചത്.