കോട്ടയം: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ക്രെയേഷ്യക്കെതിരായ മൽസരത്തിൽ അർജന്റീന പരാജയപ്പെട്ടതിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടിയെന്ന് കരുതപ്പെടുന്ന ദിനു അലക്‌സ് മരിച്ചു. ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നും കണ്ടെത്തി.

ക്രെയേഷ്യക്കെതിരായ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെട്ടത്. രാത്രി വൈകുന്നത് വരെ കളി കണ്ടിരുന്ന ബിനു, പിന്നീട് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം വീടിന് സമീപത്തെ ആറ്റുവക്കിലേക്ക് പോയെന്നാണ് നിഗമനം.

ബിനുവിനെ കാണാതായതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് ആറ്റുവക്കിലേക്ക് പോയിരുന്നു. നീന്തലറിയാത്ത ബിനു ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കാമെന്ന നിഗമനം ഇതേ തുടർന്നാണ് ഉയർന്നത്.

മൂന്ന് ദിവസമായി ആറ്റിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

“എനിക്ക് ഇനി ലോകത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നു. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല,” എന്നാണ് ദിനു ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ