കൊച്ചി: പുറംകടലിൽ നങ്കൂരമിട്ട് കിടന്നിരുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല. ആസാം സ്വദേശി മോദി (26) ആണ് കാണാതായിരിക്കുന്നത്. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം കപ്പലിന് മതിയായ സുരക്ഷയില്ലെന്ന കാരണത്താൽ അമേരിക്കൻ തീരത്ത് മുൻപ് തടഞ്ഞുവച്ചിരുന്നതായി കോസ്റ്റൽ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കപ്പലിന്റെ ഗതി നിയന്ത്രണ സംവിധാനത്തിലെ തകരാറിന് പുറമേ എഞ്ചിനിൽ നിന്ന് തണുത്ത വെള്ളം പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തിയിരുന്നു.

നാല് മാസം മുൻപാണ് കപ്പൽ അമേരിക്കയിലെ പോർട്ട്ലാന്റ് തുറമുഖത്ത് പിടിച്ചുവച്ചത്. പിന്നീട് തകരാർ പരിഹരിച്ചാണോ കപ്പൽ യാത്ര പുറപ്പെട്ടതെന്ന് വ്യക്തമല്ല. അപകടത്തിനു വഴിവച്ചതിന്റെ യഥാർത്ഥ കാരണമാണ് ഇപ്പോൾ കോസ്റ്റൽ പൊലീസ് പരിശോധിക്കുന്നത്.

2000ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ കപ്പലിന് 185 മീറ്റർ നീളവും 30 മീറ്റർ വീതിയുമാണുള്ളത്. കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടണ്ണുള്ള കപ്പലിന് 48,282 ടൺ ഭാരമുള്ളതായാണ് രേഖകൾ പറയുന്നത്. ജൂൺ ഒന്നിനാണു കപ്പൽ ചൈനയിലേക്കു യാത്ര പുറപ്പെട്ടത്. 30,000 ടൺ വളമാണു കപ്പലിലുണ്ടായിരുന്നത്.

തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കാർമൽ മാതാ എന്ന ബോട്ടിലാണ് ആംമ്പർ-എൽ എന്ന കപ്പൽ ഇടിച്ചത്. രണ്ടു മൽസ്യ തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായിരുന്നു. ഇയാൾക്കായാണ് ഇപ്പോഴും തിരച്ചിൽ തുടരുന്നത്. ശേഷിച്ച പതിനൊന്ന് മത്സ്യത്തൊഴിലാളികളെയും ഇവിടെയെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. തന്പിദുരൈ, രാഹുൽ എന്നിവരാണ് മരിച്ചത്. തന്പിദുരൈ കുളച്ചൽ സ്വദേശിയും രാഹുൽ അസം സ്വദേശിയുമാണ്.

നേവിയും കോസ്റ്റുഗാര്‍ഡും സംയുക്തമായാണ് പുറംകടലിൽ തിരച്ചിൽ നടത്തുന്നത്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതേ തുടർന്ന് നേവിയും തീരസംരക്ഷണ സേനയും സംയുക്തമായാണ് ആംബർ എൽ എന്ന കപ്പൽ കസ്റ്റഡിയിൽ എടുത്തത്. കപ്പലിൽ ഇന്ന് പരിശോധന നടത്തും.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേരള സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

തൊഴിൽ വകുപ്പിന് കീഴിലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മാത്രമാണ് സാധാരണ ആനുകൂല്യത്തിന് അർഹതയുള്ളത്. എന്നാൽ അപകടത്തിൽ മരിച്ചവരുടെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകി തുക ആശ്രിതർക്ക് അനുവദിക്കണമെന്ന് തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകുകയായിരുന്നു.

2012 ഫെബ്രുവരി 15 ന് കൊല്ലം നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികൾ ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടിവയ്പ്പിൽ മരിച്ചിരുന്നു. എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടിയേറ്റ് കൊല്ലം സ്വദേശി വാലന്റൈൻ, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവർ മരിച്ചത്. കടൽക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിർത്തതെന്ന് പിന്നീട് ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ, സാൽവത്തോറോ ജിറോൺ എന്നിവർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ