/indian-express-malayalam/media/media_files/uploads/2018/08/shahin-cats.jpg)
മലപ്പുറം: മേലാറ്റൂരിൽ പ്രളയസമയത്ത് പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊന്ന ഒമ്പത് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ് ഷഹീന്റെ മൃതദേഹമാണ് 15 ദിവസത്തിന് ശേഷം കണ്ടെത്തിയത്.
കുട്ടിയുടെ പിതൃസഹോദരനായ എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ് കൊന്നത്. കുട്ടിയുടെ അച്ഛന്റെ കൈയ്യിലുള്ള സ്വർണം കൈക്കലാക്കുന്നതിനാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. പുഴയിൽ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയ ശേഷമാണ് താൻ മടങ്ങിയതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. കുട്ടിയെ ബൈക്കിൽ കയറ്റുകയാണെന്ന ഭാവേന എടുത്തുയർത്തിയ ശേഷം ആനക്കയം പാലത്തിൽനിന്ന് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് നോക്കിനിന്ന ശേഷമാണ് ഇയാൾ സംഭവസ്ഥലത്ത് നിന്ന് പോയത്.
ഈ മാസം 13ന് രാവിലെ സ്കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ ഹെൽമെറ്റ് ധരിച്ച ഒരാൾ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കുട്ടിക്ക് പരിചയമുളള ആരോ ആവാം സംഭവത്തിന് പിന്നിലെന്ന നിഗമനത്തെ തുടർന്നാണ് അന്വേഷണം പിതൃസഹോദരനിലേക്ക് നീണ്ടത്. മുഹമ്മദ് സലീമിന്റെ കൈവശം മൂന്നു കിലോയോളം സ്വർണമുണ്ടെന്ന ധാരണയിലാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ തടങ്കലിൽ പാർപ്പിച്ച് സ്വർണത്തിന്റെ ഒരു ഭാഗം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. രാത്രി വരെ കുട്ടിയേയുമായി പലയിടങ്ങളിൽ കറങ്ങി. കുട്ടിയെ കാണാനില്ലെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്കൂൾ യൂണിഫോം മാറ്റി പകരം പുതിയ ഷർട്ട് വാങ്ങി നൽകി. പൊലീസ് പിടിയിലാകുമെന്ന് ഭയന്നാണ് കുട്ടിയെ പുഴയിലെറിഞ്ഞത്. ബാഗിലാക്കി തറവാട് വീടിനടുത്ത പുള്ളീലങ്ങാടി ജുമാമസ്ജിദിന് സമീപം ഉപേക്ഷിച്ച യൂണിഫോം നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.