കൊച്ചി:​ വിവാദമായ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള ക്രോണിൻ അലക്സാണ്ടർ ബേബിയെ ഇന്ന് കോടതിയിൽ തിരികെ ഏൽപ്പിക്കും. കേസിൽ ക്രോണിന്റെ പങ്ക് വ്യക്തമായിട്ടുണ്ടെങ്കിലും മിഷേൽ ഷാജി ആത്മഹത്യ ചെയ്യാൻ പെട്ടെന്നുള്ള മറ്റെന്തെങ്കിലും പ്രകോപനം ഉണ്ടായിരുന്നോ എന്നാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം.

ഇതിനായി മിഷേൽ ഷാജി അവസാന ദിവസങ്ങളിൽ ഫോണിൽ വിളിച്ച് സംസാരിച്ച മുഴുവൻ പേരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികളിലാണ് ഇനി അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതുവരെയുള്ള വിവരങ്ങളിൽ നിന്ന് ക്രോണിൻ അലക്സാണ്ടറെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ട് പോയത്. എന്നാൽ ആത്മഹത്യ ചെയ്ത ദിവസം മിഷേൽ ഷാജിയെ പ്രകോപിപ്പിക്കും വിധം ക്രോണിൻ എന്തെങ്കിലും സംസാരിച്ചുവോ എന്നത് ക്രൈം ബ്രാഞ്ചിന് വ്യക്തമല്ല.

ക്രോണിന്റെ ഫോണിൽ നിന്ന് മതിയായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് സംഘത്തിന് കഴിഞ്ഞില്ല. മിഷേൽ ഷാജി മരിച്ചതിനോട് ചേർന്ന ദിവസങ്ങളിൽ ക്രോണിൻ കൊച്ചിയിലുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മിഷേൽ ഷാജിയുടെ ശരീരത്തിൽ യാതൊരു വിധ ശാരീരിക ഉപദ്രവങ്ങളും ഏറ്റ അടയാളങ്ങളില്ല. ഇക്കാര്യം ഡോക്ടറും സാക്ഷ്യപ്പെടുത്തി.

എന്നാൽ മിഷേൽ ഷാജിയും ക്രോണിനും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ക്രോണിൻ തന്നെ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ആത്മഹത്യ ചെയ്യാൻ മാത്രമുള്ള യാതൊരു കാര്യവുമില്ലെന്ന് ഇയാൾ സമർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

മിഷേൽ കാണാതായ ദിവസം ഗോശ്രീ പാലത്തിലേക്ക് പോയെന്നത് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. വൈപ്പിൻ സ്വദേശി അമലിന്റെ മൊഴി മുഴുവനായും അന്വേഷണ സംഘം വിശ്വസിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിലും മിഷേൽ ഷാജിയെ കാണാതായ ദിവസം എന്തെങ്കിലും ദുരൂഹതയുള്ളതായി ക്രൈം ബ്രാഞ്ച് കരുതുന്നില്ല. ഇതോടെ കേസ് ആത്മഹത്യ തന്നെയാണെന്ന പൊലീസ് കണ്ടെത്തൽ ശരിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook