കൊച്ചി: സിഎ വിദ്യാർഥിനിയും പിറവം സ്വദേശിയുമായ മിഷേൽ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. കേസുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മിഷേലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.
അതേസമയം, മിഷേലിനെ കാണാതായെന്ന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിന് സെന്‍ട്രല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അബ്‌ദുൽ ജലീലിനെ സസ്‌പെൻഡ് ചെയ്‌തു. സെന്‍ട്രല്‍ എസ്ഐ എസ്.വിജയശങ്കറിനെതിരെ അച്ചടക്ക നടപടിയെടുക്കാനും കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മിഷേൽ കേസിൽ അറസ്റ്റിലായ ക്രോണിൻ അലക്‌സാണ്ടർ ബേബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.