കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ക്രോണിൻ അലക്സാണ്ടർക്കെതിരെ മൊഴി. മിഷേലിന്റെ രണ്ടു സുഹൃത്തുക്കൾ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് മൊഴി നൽകിയത്. മിഷേലിനെ ക്രോണിൻ മർദിച്ചിട്ടുണ്ട്. മിഷേലിനെ മാനസികമായി ക്രോണിൻ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. മിഷേൽ ആത്മഹത്യ ചെയ്യുമെന്നു കരുതുന്നില്ലെന്നും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, മിഷേലിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന തരത്തിലുളള പ്രശ്നങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ലെന്നാണ് ക്രോണിൻ ക്രൈംബ്രാഞ്ചിനു നൽകിയിരിക്കുന്ന മൊഴി.

Read More: മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാണാതായ ദിവസം മിഷേൽ വിളിച്ചിരുന്നു. വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്. 27 കാണാമെന്നു പറഞ്ഞു. മിഷേലിനെ മാനസികമായി ക്രോണിൻ വളരെയധികം സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാമായിരുന്നെങ്കിൽ അന്നു ആകാമായിരുന്നെന്നും സുഹൃത്തുക്കളിലൊരാൾ മൊഴി നൽകിയിട്ടുണ്ട്.

Read More: ‘എന്‍റെ തീരുമാനം നീ തിങ്കളാഴ്ച്ച അറിയും’; മരണത്തിന് മുമ്പ് പ്രതിയോട് മിഷേല്‍ ഷാജി

കാണാതായ ദിവസം മിഷേൽ കലൂർ പള്ളിയിൽ ചെലവഴിച്ചതിന്റെ കൂടുതൽ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. പള്ളിയുടെ പരിസരങ്ങളിൽ സ്ഥാപിച്ചിരുന്ന ഏഴു സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണു ശേഖരിച്ചത്. വൈകിട്ട് ആറേകാലോടെ പള്ളിയിൽനിന്നു പുറത്തിറങ്ങിയശേഷം കുരിശുപള്ളിക്കു മുൻപിലെ റോഡിന്റെ ഇടതുവശത്തേക്ക് ആദ്യം നടന്ന മിഷേൽ രണ്ടു മിനിറ്റിനകം ധൃതിയിൽ തിരിച്ചെത്തി വലത്തേക്കു നടന്നുപോകുന്നതായി ദൃശ്യത്തിലുണ്ട്. ധൃതിയിൽ നടക്കുന്നതിനിടെ കയ്യിലിരുന്ന ബാഗ് തുറന്നടയ്ക്കുന്നുമുണ്ട്.

Read More: ‘പളളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ എന്നോട് അവസാനമായി പറഞ്ഞത്’; അറസ്റ്റിലായ ക്രോണിന്റെ വെളിപ്പെടുത്തല്‍

അതേസമയം, കാണാതായ ദിവസം മിഷേൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിനു വേണ്ടിയുള്ള ഒരു തിരച്ചിലും ഇതുവരെ പൊലീസോ, ക്രൈംബ്രാഞ്ചോ നടത്തിയിട്ടില്ല. ഹൈക്കോടതി ജംക്‌ഷനിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ മിഷേലിന്റെ വലതു കയ്യിൽ ഫോണും ഇടതു കയ്യിൽ ബാഗുമുള്ളതായാണു കാണുന്നത്. ഫോൺ കണ്ടെത്താനായാൽ എന്തെങ്കിലും തുമ്പു ലഭിക്കുമെന്നു അന്വേഷണ സംഘം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഫോൺ കായലിൽ വീണിട്ടുണ്ടെങ്കിൽ കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ