കൊച്ചി: മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പിറവം സ്വദേശി ക്രോണിന്‍. ഏതൊരു ബന്ധത്തിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നതെന്നും ക്രോണിന്‍ പറഞ്ഞു. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞത്. പീന്നീട് തന്നെ വിളിക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് വിളിച്ചു നോക്കിയപ്പോള്‍ മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ക്രോണിന്‍ പറഞ്ഞു.

എന്നാല്‍ ക്രോണിൻ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നും നിരന്തര മാനസിക പീഡനം മിഷേലിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്നുമാണ് അന്വേഷണസംഘം പറയുന്നത്. നിരന്തരം ശല്യം ചെയ്തിരുന്ന ക്രോണിനിൽ നിന്നും രക്ഷപ്പെടാനായി മിഷേൽ പഠനം ചെന്നൈയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നതായും മിഷേലിന്റെ സഹപാഠി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പക്ഷേ ഇക്കാര്യം അറിഞ്ഞ ക്രോണിൻ അതിന് സമ്മതിക്കാതെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നും സഹപാഠി പറഞ്ഞു.

അതേസമയം, മിഷേൽ ഷാജിയോട് സാമ്യമുള്ള പെൺകുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടതായി പിറവം സ്വദേശി അമൽ വിൽഫ്രഡ് പൊലീസിന് മൊഴി നൽകി. വല്ലാർപാടം പള്ളി കഴിഞ്ഞ് ബോൾഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തുവച്ചാണ് പെൺകുട്ടിയെ കണ്ടതെന്നും അമൽ പറഞ്ഞു. അതുവഴി ബൈക്കിൽ വന്നപ്പോഴാണ് പെൺകുട്ടിയെ കണ്ടത്. ഫോണ്‍ വന്നതിനാല്‍ വണ്ടി നിര്‍ത്തി തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ ആരേയും കണ്ടില്ല. അതുവഴി വന്ന മറ്റൊരു ബൈക്കുകാരനും പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതായതില്‍ സംശയം പ്രകടിപ്പിച്ചു. പിന്നീട് പാലത്തിനടുത്ത് പോയി നോക്കിയെങ്കിലും പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നും അമല്‍ പൊലീസിനോട് പറഞ്ഞു. എന്നാൽ മിഷേലിനെ തന്നെയാണ് കണ്ടതെന്ന് ഉറപ്പില്ലെന്നും അമല്‍ പൊലീസില്‍ മൊഴി നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ