കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം സംബന്ധിച്ച കേസില്‍ ഉത്തരവിനായി ലോകായുക്തയെ തന്നെ സമീപിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ ലോകായുക്ത വിധി വൈകുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.
ലോകായുക്ത വിധി അനന്തമായി നീളുകയാണെന്നും വിധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ആര്‍.എസ്.ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. എന്നാല്‍ ഹര്‍ജിക്കാരനോട് ലോകായുക്ത മുമ്പാകെ തന്നെ ഹര്‍ജി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.
ഇതേതുടര്‍ന്ന് ഹര്‍ജിക്കാരന്‍ സാവകാശം തേടി. 2022 മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായ കേസില്‍ വിധി വൈകുന്നത് നിയമസംവിധാനത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദുരിതാശ്വാസ നിധിയില്‍ നിന്ന് എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.ക.രാമചന്ദ്രന്‍ നായരുടെ കാര്‍ വായ്പയും സ്വര്‍ണവായ്പയും വീട്ടുന്നതിന് 8.5 ലക്ഷവും സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍ പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷവും നല്‍കിയെന്നാണ് ഹര്‍ജിക്കാരന്‍ ലോകായുക്തയില്‍ പരാതി നല്‍കിയത്. ദുരിതാശ്വാസ നിധിയിലെ സഹായം ഇഷ്ടക്കാര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന് തുക ഈടാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.