കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ വന്‍ ക്രമക്കേട് നടന്നെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനര്‍ഹരായ പലര്‍ക്കും വന്‍തോതില്‍ വായ്പ നല്‍കിയെന്നും പാവപ്പെട്ടവര്‍ക്ക് വായ്പ നിരസിച്ചതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മന്ത്രി കെ.ടി.ജലീലിനെതിരായ ബന്ധു നിയമനക്കേസിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Read Also: ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; മറുപടിയായി ‘അള്ളാഹു അക്ബര്‍’ വിളിച്ച് ഒവൈസി
ലോണ്‍ തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗസ്ഥനെ നിയമിച്ചപ്പോഴാണ് മന്ത്രിയുടെ ബന്ധുവാണെന്ന ആരോപണം ഉയര്‍ന്നത്. വായ്പ തിരിച്ചുപിടിക്കുന്നതിന് കെല്‍പ്പുള്ള ഉദ്യോഗസ്ഥനെ കണ്ടെത്തിയിട്ടുണ്ടെന്നും നിയമനത്തിനായി സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മുൻ ജനറൽ മാനേജർ മുഹമ്മദ് ഹനീഫ പെരിഞ്ചേരി സസ്പെൻഷനിലാണ്. ധനകാര്യ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ബന്ധു നിയമനം ആരോപിച്ച് മന്ത്രിക്കെതിരെ വിജിലൻസിന് ലഭിച്ചത് കള്ളപ്പരാതിയായിരുന്നു. ഒപ്പിട്ട പരാതി നേരിട്ടല്ല കിട്ടിയത്. ഒപ്പിടാത്ത പരാതി ഈമെയിലിലാണ് ലഭിച്ചത്.എങ്കിലും പരാതി വിജിലൻസ് സർക്കാരിന് കൈമാറി. പരാതി സർക്കാർ പരിശോധിച്ച് അന്വേഷണം വേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. അദീപിന്റെ നിയമനത്തിൽ മന്ത്രിയോ മറ്റാരെങ്കിലുമോ അനർഹമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. മന്ത്രിക്കെതിരെ കേസെടുക്കാൻ ഹർജിക്കാരൻ സർക്കാരിന്റെ അനുമതിയും തേടിയിട്ടില്ല.
Read Also: കോടതി രാഷ്ടീയം കളിക്കാനുള്ള വേദിയല്ല; പി.കെ ഫിറോസിനോട് ഹൈക്കോടതി
കെ.ടി.അദീപിന്റെ നിയമനം നിയമാനുസൃതമാണ്. തസ്തിക മന്ത്രിസഭാ അനുമതിയോടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. നിയമന യോഗ്യത ഭേദഗതി ചെയ്ത് പത്രത്തിൽ വിജ്ഞാനം ചെയ്തിരുന്നു. നിയമനത്തിന് അദീപ് മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അനുമതിയും തേടിയിരുന്നു. അദീപ് പദവിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നുവെന്നും നിയമനം ഡപ്യൂട്ടേഷനിലായിരുന്നുവെന്നും നിയമമോ യോഗ്യതയോ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.