വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പിയ്ക്ക് മുമ്പാകെ ഇന്ന് രാവിലെ 10.30ഓടെയാണ് ജോർജ് കീഴടങ്ങിയത്. ജോര്‍ജിനെതിരെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.

അന്വേഷണ വിധേയമായി ഒ.എം ജോര്‍ജിനെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുറ്റവാളികളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കുറ്റവാളിയാണെന്നു തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നും എന്നെന്നേക്കുമായി പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു. ഇവര്‍ക്കൊപ്പം ജോലിക്കായി പെണ്‍കുട്ടിയും ഇയാളുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയങ്ങളില്‍ പീഡനം നടന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്.

പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോളാണ് പീഡന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറിയിരുന്നു. സംഭവം വിവാദമായതോടെ ജോര്‍ജ് ഒളിവില്‍ പോകുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.