ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നിരീക്ഷണം ഊര്‍ജിതമാക്കി പൊലീസ്. നേരത്തെ പൊലീസിന്റെ രഹസ്യാന്വേഷണം സംഘം അന്വേഷണം ആരംഭിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. സേവ് റിപ്പബ്ലിക്ക് എന്ന പേരില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയായിരുന്നു സംഭവം.
കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. മറ്റൊരാളുടെ ചുമലിലിരുന്നുകൊണ്ട് കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
പ്രോകപന മുദ്രാവാക്യം ഉണ്ടായ സംഭവത്തെക്കുിച്ച് നിരീക്ഷിച്ചു വരുകയാണെന്ന് ജില്ലയിലെ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. ‘ശനിയാഴ്ച ആലപ്പുഴയിൽ നടന്ന പിഎഫ്ഐ റാലിക്കിടെയാണ് കുട്ടി മുദ്രാവാക്യം വിളിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചത് ആരാണെന്നും കുട്ടിയെ കണ്ടെത്താനുമുള്ള ശ്രമങ്ങളും തുടരുകയാണ്, പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ഗുരുതര വിമര്‍ശനവുമാണ് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍ ഉന്നയിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവര്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന് മനസിലാക്കണം. ഇന്ത്യയില്‍ അത്തരം കാര്യങ്ങള്‍ നടപ്പാകില്ലെന്നും ബോധ്യമുണ്ടാകണമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം മുദ്രാവാക്യങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തിന് ഭീഷണിയാണെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ മുൻ സെക്രട്ടറി ഫാ.വർഗീസ് വള്ളിക്കാട്ട് പറഞ്ഞു. “ഈ മുദ്രാവാക്യങ്ങൾ ആ കുട്ടിയില്‍ നിന്ന് വന്നതല്ല. അതിനു പിന്നിൽ ഫാസിസ്റ്റ് സ്വരമുണ്ട്. ഇത്തരം മുദ്രാവാക്യങ്ങൾ രാജ്യത്തിന്റെ ഭാവിക്ക് സഹായകരമാണോ എന്ന് എല്ലാവരും ചിന്തിക്കണം,” അദ്ദേഹം പറഞ്ഞു.
Also Read: വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി