ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്ത് വരികയാണെന്നും മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനായി കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കസ്റ്റഡിയിൽ ഉള്ളയാൾ കുട്ടിയുടെ ബന്ധു അല്ലെന്നും എസ്പി പറഞ്ഞു. പരിപാടിയുടെ സംഘാടകരെ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.
അതേസമയം, ആലപ്പുഴയില്‍ കൊച്ചുകുട്ടിയെകൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ വര്‍ഗീയ വിഷം തുപ്പുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടും അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പോലും ഭരണകക്ഷിയിലെ ആരും തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവരെ നിശബ്ദരാക്കുന്നത് എന്ന് വിഡി സതീശൻ ആരോപിച്ചു.
വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ മുട്ടുവിറയ്ക്കുന്ന ഈ മുഖ്യമന്ത്രിയെ ആണോ സിപിഎമ്മുകാര്‍ ക്യാപ്ടന്‍ എന്നുവിളിക്കുന്നത്. ഈ ക്യാപ്ടന്റെ നേതൃത്വത്തിലാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ തിരിഞ്ഞോടേണ്ട വഴി കൂടി നിങ്ങള്‍ നേരത്തെ കണ്ടുവയ്ക്കണം. വര്‍ഗീയ ശക്തികളുടെ മുന്നില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണിത്ര ദുര്‍ബലനാകുന്നത്. പിസി ജോര്‍ജിനെതിരായ ആരോപണത്തിലും ഇതുതന്നെയാണ് കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിഷലിപ്തമായ മുദ്രാവാക്യം കുട്ടിയെ കൊണ്ട് വിളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണം. കേരളത്തിന്റെ മതേതര മനസിലേക്ക് കുന്തമുന പോലെ വന്ന മുദ്രാവാക്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാകില്ല. വര്‍ഗീയശക്തികളുമായി യുഡിഎഫ് സന്ധി ചെയ്യില്ല. കേരത്തിന്റെ മതേതര മനസില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്ന ഒരു വര്‍ഗീയവാദികളുടെയും വോട്ട് യുഡിഎഫിന് വേണ്ട. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ ഇന്ന് രാവിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിൽ. കുട്ടിയെ റാലിക്ക് കൊണ്ടുവന്നത് ഇയാളാണെന്നാണ് സൂചന.
പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ്, സെക്രട്ടറി മുജീബ് എന്നിവരെയും കുട്ടിയെ കൊണ്ടുവന്ന ആളെയും പ്രതിചേർത്ത് ആലപ്പുഴ സൗത്ത് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മതസ്പർദ്ധ വളർത്തുന്ന മുദ്രാവാക്യം വിളിച്ചതിനാണ് കേസ്. 153 A വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ആലപ്പുഴയിൽ ശനിയാഴ്ച നടന്ന റാലിക്കിടെയായിരുന്നു സംഭവം. കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയർന്നു. തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കേസെടുത്തത്.
അഭിഭാഷക പരിഷത്തും ആലപ്പുഴ ജില്ലാ നേതൃത്വവും സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും ഇടപെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, കുട്ടി വിളിച്ച മുദ്രാവാക്യം സംഘാടകർ നൽകിയതല്ലെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം.
Also Read: കുട്ടികൾ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി