എറണാകുളം: കളമശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച സംഘത്തിലുൾപ്പെട്ട പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിര ആരോപണവുമായി കുടുംബം. പൊലീസ് മർദിച്ചതിലുളള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനെയാണ് വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കളമശ്ശേരിയിൽ പതിനേഴുകാരനെ ഏഴംഗ സംഘം ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ ഒരാളൊഴികെ മറ്റുളളവർ പ്രായപൂർത്തിയാകാത്തവരാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
Read More: കളമശേരിയിൽ പതിനേഴുകാരന് കൂട്ടുകാരുടെ ക്രൂരമർദനം
പ്രായപൂർത്തിയായ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മറ്റു ആറു പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കൾ ക്രൂരമായി മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ മർദിക്കുന്നതിന്റെ 10 മിനിറ്റോളം ദൈർഘ്യമുളള വീഡിയോയാണ് പ്രചരിച്ചത്. മർദനത്തിനു ശേഷവും ഉപദ്രവം തുടർന്ന സംഘം കുട്ടിയെ ഡാൻസ് കളിപ്പിക്കുകയും മെറ്റലിന് മുകളിൽ നിർത്തുകയും ചെയ്തു. മര്‍ദനമേറ്റ പതിനേഴുകാരന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.