കോട്ടയം: കുമരകത്ത് പൊലീസുകാരന്റെ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും സംഘം അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനവും നടത്തിയ ഇവർ ഭിത്തിയിൽ ‘മിന്നൽ മുരളി (ഒറിജിനൽ)’ എന്ന് എഴുതിവെച്ച ശേഷമാണ് കടന്നു കളഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ‘മിന്നൽ മുരളി’ എന്ന ചിത്രത്തിലെ ഒരു രംഗം ഓർമിപ്പിക്കുന്ന തരത്തിലാണ് ആക്രമണം. അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കോട്ടയത്തെ റയിൽവേ പൊലീസുകാരനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. ഇദ്ദേഹവും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. അതിനാൽ ഒഴിഞ്ഞു കിടക്കുന്ന ഈ വീട്ടിൽ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്.
കഴിഞ്ഞരാത്രി കുമരകം പൊലീസ് ഇവിടെ മദ്യപാനികളെ കാണുകയും ഓടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീടാക്രമിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. സംഭവസ്ഥലത്തു ഉണ്ടായിരുന്ന ബൈക്കുകളുടെ വിവരങ്ങൾ വെച്ച് പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുമരകം പൊലീസ്.
Also Read: കോവളം സംഭവം: മുന്ന് പൊലീസുകർക്കെതിരെ വകുപ്പുതല അന്വേഷണം