പാലക്കാട്: ഏറെക്കാലമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഞ്ചിക്കോട് റയിൽവേ കോച്ച് ഫാക്‌ടറി സ്വപ്‌നമായി അവശേഷിക്കും. പാലക്കാട് എംപി എം.ബി.രാജേഷിന് നൽകിയ മറുപടിയിൽ സംസ്ഥാനത്ത് ഇപ്പോൾ ആവശ്യത്തിന് കോച്ചുകളുണ്ടെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കി.

പൊതുസ്വകാര്യ പങ്കാളിത്തതോടെ  ബെമലുമായി (BEML) ചേർന്ന് പദ്ധതി യാഥാർത്ഥ്യമാക്കാനുളള ശുപാർശയാണ് ലോക്‌സഭാംഗം കേന്ദ്രത്തിന് മുന്നിൽ വച്ചത്. ഇക്കാര്യം പിയൂഷ് ഗോയലിനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയതുമാണെന്ന് എം.ബി.രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“സമീപഭാവിയിൽ റെയിൽവേയ്‌ക്ക് കോച്ചുകൾ ധാരാളമായി ആവശ്യമില്ല. ഇപ്പോഴത്തെ നിലയിൽ ആവശ്യത്തിന് കോച്ചുകൾ നിർമ്മിക്കാനുളള ശേഷി നിലവിലെ കോച്ച് ഫാക്‌ടറികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട അനുയോജ്യമായ തീരുമാനം അടുത്ത് തന്നെ എടുക്കുന്നതായിരിക്കും,” പിയൂഷ് ഗോയൽ, എം.ബി.രാജേഷ് എംപിക്ക് നൽകിയ മറുപടി കുറിപ്പിൽ വിശദീകരിക്കുന്നു.

ആറ് കൊല്ലം മുൻപ് 2012-13 സാമ്പത്തിക വർഷത്തെ റെയിൽവേ ബജറ്റിലാണ് കേന്ദ്രം കഞ്ചിക്കോട്ട് റെയിൽവേ കോച്ച് ഫാക്‌ടറി അനുവദിച്ചത്. ഇത് യുപിഎ സർക്കാരിന്റെ പദ്ധതിയായിരുന്നു. എന്നാൽ ഈയടുത്ത കാലത്ത് ഹരിയാനയിൽ പുതിയ കോച്ച് ഫാക്‌ടറിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനെ വിമർശിച്ചാണ് എം.ബി.രാജേഷ് രംഗത്ത് വന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ