പാലക്കാട്: പാലക്കാട് ജില്ലയിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇക്കുറി യാഥാർത്ഥ്യമായിരിക്കുന്നത്. ഇതോടെ മലപ്പുറത്തെയും തൃശൂരിലെയും പാസ്‌പോർട്ട് സേവാ കേന്ദ്രത്തെ ആശ്രയിക്കേണ്ട ദുരിതത്തിൽ നിന്ന് പാലക്കാട് നിവാസികൾക്ക് ആശ്വാസമാകും.

ഒലവക്കോട് പോസ്റ്റ് ഓഫീസിലാണ് പാസ്‌പോർട്ട് സേവാ കേന്ദ്രവും ആരംഭിക്കുന്നത്. ദിവസവും നാന്നൂറിലധികം പാസ്‌പോർട്ട് അപേക്ഷകരുളള ജില്ലയാണ് പാലക്കാടെന്ന് എം.ബി.രാജേഷ് എംപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സ്വന്തമായി പാസ്‌പോർട്ട് സേവാ കേന്ദ്രം എന്ന ആവശ്യം ആറ് തവണ ഉന്നയിച്ചതാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയടക്കം നേരിട്ട് കണ്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എംപി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

“പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആവശ്യക്കാർക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥലം എന്ന നിലയിൽ ഷൊർണൂരിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം സ്ഥാപിക്കണമെന്നായിരുന്നു ഞാന്‍ നിർദേശിച്ചിരുന്നത്. എന്നാൽ ഉചിതമായ സ്ഥലം ലഭിക്കാതിരുന്നത് ഇതിന് തടസ്സമായി. പിന്നീടാണ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ള ഒലവക്കോട് പോസ്റ്റ് ഓഫീസിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാലക്കാട് പാസ്‌പോർട്ട് സേവാ കേന്ദ്രം യാഥാർത്ഥ്യമായിട്ടുള്ളത്.” എംപി പറഞ്ഞു.

നേരത്തേ ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ സെൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംപി സ്വന്തമായി പാസ്‌പോർട്ട് സേവാ കേന്ദ്രം വേണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ