കോടതി പരാമർശത്തെ തുടർന്ന് കേരളത്തിൽ ആറ് പേർക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. കോടതിയുടെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ രാജിവയ്ക്കാൻ നിർബന്ധിതരായത്. കോടതി പരാമർശത്തെ തുടർന്ന് കേരളത്തിൽ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന മന്ത്രിമാരുടെ ചരിത്രം കെ.കരുണാകരനിൽ തുടങ്ങുന്നു.

കോടതി പരാമർശത്തെ തുടർന്ന് രാജിവച്ചവരിൽ മൂന്ന് പേർ കോൺഗ്രസുകാരും രണ്ട് പേർ കേരളാ കോൺഗ്രസുകാരും ഒരാൾ എൻസിപിക്കാരനുമാണ്. ഇതിൽ അഞ്ച് പേരും ഐക്യമുന്നണി സംവിധാനത്തിലെ മന്ത്രിമാരും ഒരാൾ ഇടതുമുന്നണയിലുമാണ് ഉണ്ടായിരുന്നത്.

ഒരു കേസിലൊഴികെ എല്ലാ കേസിലും പ്രതിഭാഗത്തായിരുന്നു മന്ത്രിമാർ. ഇത്തവണ, മന്ത്രി സർക്കാരിനെതിരെ കൊടുത്ത കേസിലാണ് മന്ത്രിക്കെതിരെ പരാമർശം ഉണ്ടായത് എന്നതാണ് ഇത്തവണ സംഭവിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് എൻജിനിയറിങ് വിദ്യാർഥിയായിരുന്ന രാജനെ കക്കയം ക്യാമ്പിൽ പൊലീസ് ഉരുട്ടിക്കൊന്ന കേസിലാണ് കരുണകാരന്രെ രാജിക്ക് വഴിയൊരുങ്ങിയത്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ കുറിച്ചുളള പരാമർശത്തെ തുടർന്നാണ് അന്ന് കരുണാകരൻ രാജിവച്ചത്

പിന്നീട് പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്നുണ്ടായ കേസിൽ നടന്ന കോടതി പരാമർശത്തിൽ കേരളാ കോൺഗ്രസ് നേതാവായ ആർ.ബാലകൃഷ്ണപിളള 1985ൽ രാജിവച്ചു. കൊച്ചി രാജേന്ദ്രമൈതാനത്തിൽ ആർ.ബാലകൃഷ്ണപിളള നടത്തിയ പ്രസംഗമാണ് കേസിനാധാരമായത്.

പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടി വരുന്നത്. മന്ത്രി കെ.പി.വിശ്വനാഥനാണ് കോടതി പരാമർശത്തെ തുടർന്ന് രാജിവയ്ക്കുന്നത് ആന്റണി രാജിവച്ച ശേഷം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ് കെ.പി.വിശ്വനാഥനെതിരെ കോടതി പരാമർശം വരുന്നത്. വനം വകുപ്പിലെ കേസുമായി ബന്ധപ്പെട്ട കേസിലുണ്ടായ പരാമർശമാണ് വനം മന്ത്രിയായിരുന്ന വിശ്വനാഥന്രെ രാജിയിലേയ്ക്ക് നയിച്ചത്. ചന്ദനമാഫിയയുമായി ബന്ധപ്പെട്ട ആരോപണ വിധേയമായ കേസിലാണ് 2005ൽ വിശ്വനാഥൻ രാജിവച്ചത്.

പിന്നീട് 2015 നവംബറിൽ ബാർ കോഴ ആരോപണത്തെ തുടർന്ന് ധന നിയമവകുപ്പുകളുടെ മന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്നും രാജിവയ്ക്കേണ്ടി വന്നു. സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന കോടതി പരാമർശത്തെ തുടർന്നാണ് അന്ന് മാണി രാജിവച്ചത്.

രണ്ടു മാസം കഴിഞ്ഞപ്പോൾ വിജിലൻസ് കോടതിയുടെ പരാമർശത്തെ തുടർന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബു രാജിവച്ചു. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്ന കെ.ബാബുവിന്റെ രാജി 2016 ജനുവരിയിലായിരുന്നു.

ഇപ്പോൾ തോമസ് ചാണ്ടിയ്ക്കാണ് കോടതി പരാമർശത്തെ തുടർന്ന് രാജിവക്കേണ്ട അവസ്ഥയിലെത്തിയത്. എന്നാൽ തോമസ് ചാണ്ടിയും മറ്റുളള മന്ത്രിമാരും രാജിവച്ചത് തമ്മിൽ കാതലായ വ്യത്യാസം ഉണ്ട്. മറ്റ് മന്ത്രിമാർക്കെതിരായ കേസുകളിൽ വന്ന പരാമർശങ്ങളിലാണ് രാജിവയ്ക്കേണ്ടിവന്നതെങ്കിൽ തോമസ് ചാണ്ടിക്ക് സ്വയം കൊടുത്ത കേസിലുണ്ടായ കോടതിയിൽ നിന്നുളള പരമാർശങ്ങളുണ്ടായത്. താൻ മന്ത്രിയായ സർക്കാരിനെതിരെ കേസ് കൊടുത്തുകൊണ്ട് അഭൂതപൂർവ്വമായ നീക്കം നടത്തിയ മന്ത്രിക്കെതിരെ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. എന്നതാണ് ഇതുവരെയുളള കേസുകളിലെ വ്യത്യാസം.

ഏറ്റവും കൂടുതൽ മന്ത്രിമാർക്ക് കോടതി പരാമർശത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നത് ഉമ്മൻചാണ്ടിയുടെ മന്ത്രിസഭകളിലായിട്ടാണ്. മൂന്ന് മന്ത്രിമാരാണ് രാജിവച്ചത്. ആദ്യം ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ നിന്നും കെ.പി.വിശ്വനാഥനും രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്നും കെ.എം.മാണിയും കെ.ബാബുവുമാണ് കോടതി പരാമർശങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ