തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ അപ്പീല്‍ തളളിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. കോടതി നടപടി നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുമെന്നും വിചാരണ നേരിടുന്ന മന്ത്രിമാർ രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അന്നത്തെ ധനമന്ത്രിയായിരുന്ന അന്തരിച്ച കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സഭയില്‍ കയ്യാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു സഭയുടെ നടുത്തളത്തില്‍ ഇറങ്ങി അന്നത്തെ പ്രതിപക്ഷമായ ഇടത് എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണു കേസ്. പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
“കോഴക്കാരനും കൊള്ളക്കാരനും വീട്ടില്‍ കൗണ്ടിംഗ് മെഷീന്‍വച്ച് കൈക്കൂലിപ്പണം എണ്ണി നോക്കുന്നയാളുമായ കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലായെന്നായിരുന്നു നിലപാട്. ഇപ്പോള്‍ കെ.എം. മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയിലേക്കു ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കുന്നു” കോഴക്കേസ് ഇപ്പോള്‍ അപ്രസക്തമാണെന്ന പുതിയ നിലപാടിനെയും സതീശന്‍ പരിഹസിച്ചു.
Read More: നിയമസഭാ കയ്യാങ്കളി: കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി
“നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള കുറ്റകൃത്യം കണ്ടതിന്റെ സാക്ഷികള്‍ ലോകം മുഴുവനുമുള്ള മലയാളികളാണ്. എല്ലാ കുറ്റകൃത്യങ്ങളും സ്റ്റേറ്റിനെതിരെയാണ് എന്നതാണ് ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വം. എന്നിട്ടു അതേ സ്റ്റേറ്റ് തന്നെ ഇപ്പോള്‍ മന്ത്രിമാരായ കുറ്റാരോപിതരെ വിചാരണയില്‍നിന്നു പോലും രക്ഷിക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണ്,” സതീശന്‍ ചൂണ്ടിക്കാട്ടി.
പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹർജി തള്ളിയത്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ തടസഹര്‍ജി നല്‍കിയിരുന്നു.
നേരത്തെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. പിന്നാലെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ഇതിനെതിരെ തടസ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കോടതി അപ്പീല്‍ തള്ളിയത്.
വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.