തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവച്ചൊഴിഞ്ഞ മന്ത്രിപദം എൻസിപിക്ക് തന്നെയുള്ളതാണെന്ന് വർക്കിംഗ് പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മന്ത്രിപദം എൻസിപിക്ക് അർഹതപ്പെട്ടതാണ്. വ്യക്തിപരമായ എന്തെങ്കിലും കുറ്റമല്ല തോമസ് ചാണ്ടിക്ക് എതിരെയുള്ളത്. താൻ പണം കടുത്ത് വാങ്ങിയ ഭൂമി മണ്ണിട്ട് നികത്തിയത് സംബന്ധിച്ചുള്ള ആരോപണമാണ്. ഒരു കോടതിയും അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചിട്ടില്ല. ഈ നിലയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് രാജിവച്ചത്.” പീതാംബരൻ മാഷ് പറഞ്ഞു.

“പിണറായി വിജയൻ സർക്കാരിൽ എൻസിപിയുടെ രണ്ട് അംഗങ്ങളും ആരോപണവിധേയമായി രാജിവച്ചിരിക്കുകയാണ്. ഇവരിൽ ആദ്യം കുറ്റവിമുക്തനാകുന്നയാൾ മന്ത്രിപദത്തിലേക്ക് തിരികെയെത്തും. മറ്റാർക്കും ആ മന്ത്രിസ്ഥാനം നൽകില്ല”, പീതാംബരൻ മാസ്റ്റർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ