തിരുവനന്തപുരം: നടൻ ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാര്‍. എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും സുനിൽകുമാർ അറിയിച്ചു.

കയ്യേറ്റത്തിന് ഇടതുജനപ്രതിനിധികളാരും സഹായം ചെയ്തിട്ടില്ല. മനപൂർവ്വം കരിവാരി തേയ്ക്കുന്നതിനാണ് അത്തരം വാർത്തകൾ ചമയ്ക്കുന്നത്. ഏതു കൊലകൊമ്പൻ ഭൂമി കയ്യേറിയാലും തിരിച്ചുപിടിക്കും. കലക്ടറുടെ അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വീഴ്ച പരിഹരിച്ച് ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ