scorecardresearch
Latest News

‘പഴയിടത്തിന്റേത് നന്മനിറഞ്ഞ മനസ്, പരമസാത്വികന്‍’; വീട്ടില്‍ സന്ദര്‍ശിച്ച് മന്ത്രി വാസവന്‍

സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട നോണ്‍വെജ് ഭക്ഷണവിവാദങ്ങള്‍ക്കിടെ, സി പി എമ്മിന്റെ ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായാണു മന്ത്രി പഴയിടത്തിന്റെ വീട്ടിലെത്തിയത്

‘പഴയിടത്തിന്റേത് നന്മനിറഞ്ഞ മനസ്, പരമസാത്വികന്‍’; വീട്ടില്‍ സന്ദര്‍ശിച്ച് മന്ത്രി വാസവന്‍

കോട്ടയം: മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടം മോഹനന്‍ നമ്പൂതിരിയെന്നു മന്ത്രി വി എന്‍ വാസവന്‍. അദ്ദേഹത്തെ മാറ്റിനിര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പഴയിടത്തെ സന്ദര്‍ശിച്ച് മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട നോണ്‍വെജ് ഭക്ഷണവിവാദങ്ങള്‍ക്കിടെ, സി പി എമ്മിന്റെ ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായാണു മന്ത്രി പഴയിടത്തിന്റെ വീട്ടിലെത്തിയത്. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തില്‍ പഴയിടം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണു കരുതുന്നതെന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഒപ്പംനിന്ന തിരുമേനിയെ ഞങ്ങള്‍ക്കു മാറ്റിനിര്‍ത്താനോ മറക്കാനോ എങ്ങനെ കഴിയും? ഏതെങ്കിലും തരത്തില്‍ മറന്നാല്‍ അതു വലിയ അനീതിയാകും. തിരുമേനിയുമായുള്ള ആത്മബന്ധം അത് മാത്രമല്ല. ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പലര്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കു സഹായം നല്‍കുകയും വിവാഹത്തിനു ഭക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്.

നന്മ നിറഞ്ഞ മനസ്സാണു പഴയിടത്തിന്റേത്. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ്. അദ്ദേഹത്തിന് ഏതെങ്കിലും വിധത്തില്‍ വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ പങ്കുചേരുന്നു. കലോത്സവത്തിലേക്കു തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണു കരുതുന്നത്. സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. അദ്ദേഹത്തിന്റെ സേവനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ ആധികാരികമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇനി കലോത്സവത്തിലേക്കില്ലെന്ന തീരുമാനം മാറ്റുന്നതിനെക്കുറിച്ചു പറയാന്‍ സമയമായിട്ടില്ലെന്നു പഴയിടം പറഞ്ഞു. ജ്യേഷ്ഠസഹോദര ബന്ധത്തിന്റെ ഭാഗമായിട്ടാണു മന്ത്രി കാണാണ്‍ വന്നത്. അല്ലാതെ സര്‍ക്കാരിന്റെ പ്രതിനിധിയായി കാണുന്നില്ല. തനിക്ക് ചെറിയ ആശങ്കകളുണ്ടായി. അതേക്കുറിച്ച് സംസാരിച്ചു. തീരുമാനത്തിലേക്കെത്താന്‍ കുറച്ചുസമയമെടുക്കുമെന്നും പഴയിടം പറഞ്ഞു.

മന്ത്രി വരുന്നതറിഞ്ഞ് അദ്ദേഹത്തിന് പഴയിടം വീട്ടില്‍ ഭക്ഷണമൊരുക്കിയിരുന്നു. എന്നാല്‍ മറ്റൊരിടത്തുനിന്ന് കഴിച്ചതായി മന്ത്രി അറിയിക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Minister vn vasavan visits pazhayidom mohanan namboothiri school youth festival food controversy

Best of Express