തിരുവനന്തപുരം: എഐ ക്യാമറ നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. കുട്ടികൾ ഹെൽമറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവരുടേയും ജീവന്‍ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രശ്‌നം. ഒരു ബൈക്കില്‍ മൂന്നും നാലും കുട്ടികളെ കൊണ്ടുപോകാന്‍ പറ്റില്ല. നിലവിലെ കേന്ദ്രനിയമപ്രകാരം നാലുവയസിന് മുകളിലുള്ള കുട്ടികളെ പൂർണ യാത്രികരായി പരിഗണിക്കാം. അങ്ങനെയെങ്കിൽ മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കാന്‍ കഴിയും. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്‌കീം തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ അനുവദനീയമായ വിദ്യാര്‍ഥികളെ മാത്രമേ കയറ്റാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ട് നടപ്പിലാക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാന്‍ പറ്റില്ല. കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതി ഉണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി മേയ് 10ന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത ലംഘനം കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ ഇരുചക്രവാഹനമുള്ള ദമ്പതിമാര്‍ യാത്രയില്‍ കുട്ടികളെ ഒഴിവാക്കേണ്ടി വരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും കാരണമായിരുന്നു. ഇതോടെ പരാതികൾ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
ഇരുചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പിഴ ഈടാക്കുന്നതില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്നും എന്നാല്‍ നിയമത്തില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കുമെന്നുമാണ് റിപ്പോർട്ട്.
കേന്ദ്ര മോട്ടോര്‍ വാഹന നിയപ്രകാരം ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടൂള്ളൂ. എന്നാല്‍ പിഴ ഒഴിവാക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിച്ചേക്കും.