തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ് ടു പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ എഴുത്തുപരീക്ഷകള്‍ക്കു ശേഷം നടത്തുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ എഴുത്തുപരീക്ഷകള്‍ക്കു മുന്‍പ് പ്രാക്റ്റിക്കല്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പതിവുപോലെ നടക്കുമെന്നും അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികള്‍ക്ക് ആശങ്ക വേണ്ടതില്ല. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുന്‍പ് തന്നെ പൂര്‍ത്തിയാക്കും. അതിനനുസരിച്ച് പുതിയ ക്ലാസ് ടൈംടേബിള്‍ തയാറാക്കും. ഈ അധ്യയന വര്‍ഷം തുടക്കം മുതല്‍ തന്നെ ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ഓഫ്ലൈന്‍ ക്ലാസുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണം.
പ്ലസ് വണ്‍ പരീക്ഷ നടത്തിയത് കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയുണ്ടായി. ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105 ശതമാനം ചോദ്യങ്ങള്‍ നല്‍കും. നോണ്‍ ഫോക്കസ് ഏരിയയില്‍നിന്ന് 30 ശതമാനം ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45 ശതമാനം ചോദ്യങ്ങള്‍ നല്‍കും.
വിദ്യാര്‍ത്ഥികളുടെ മികവിനനുസരിച്ച് മൂല്യനിര്‍ണയം നടത്തുന്നതിനാണ് മാറ്റങ്ങള്‍. എന്‍ട്രന്‍സ് ഉള്‍പ്പടെയുള്ള പരീക്ഷകളില്‍ എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ വരുമ്പോള്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം പോകാന്‍ പാടില്ല.
ഇന്റേണല്‍/പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ കൂടി വിദ്യാര്‍ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എ പ്ലസ് കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ ശിശുകേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്തും. കോവിഡ് മഹാമാരിക്കാലത്ത് ഏതു സംവിധാനത്തിലുമെന്നപോലെ വിദ്യാഭ്യാസരംഗത്തും മാറ്റങ്ങള്‍ അനിവാര്യമാണ്. കുട്ടികളെ പൊതുപരീക്ഷയ്ക്കു സജ്ജമാക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്കു കൂടി മാര്‍ഗനിര്‍ദ്ദേശം നല്‍കും. കുട്ടികളുടെ പരീക്ഷാപ്പേടിയെ കുറച്ചുകൊണ്ടുവരാനുതകും വിധമാണ് ക്രമീകരണങ്ങള്‍. ഈ സാഹചര്യത്തില്‍ അനാവശ്യഭീതി
സൃഷ്ടിക്കരുത്.
ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ 31 ന് ആരംഭിക്കും. കോവിഡ് പോസിറ്റീവ് കുട്ടികള്‍ക്കു പരീക്ഷയെഴുതാന്‍ പ്രത്യേക റൂം ഉണ്ടായിരിക്കും.
Also Read: നാല് ജില്ലകൾ കൂടി ‘സി’ കാറ്റഗറിയിൽ; കടുത്ത നിയന്ത്രണങ്ങൾ
ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്കു വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ജിസ്യൂട്ട് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസും നല്‍കും. അധ്യാപകര്‍ ക്ലാസ് ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. 10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുമ്പ് നിര്‍ബന്ധമായും പൂര്‍ത്തിയാകും വിധം ക്രമീകരണമുണ്ടാക്കണം. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം.
അധ്യാപകരും അനധ്യാപകരും സ്‌കൂളുകളില്‍ എല്ലാ ദിവസവും ഹാജരാകണം. ജനുവരി 25 വരെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 ശതമാനം കുട്ടികള്‍ക്കു വാക്സിന്‍ നല്‍കി. ഹയര്‍സെക്കന്റിയില്‍ 60.99 ശതമാനം പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 66.24 ശതമാനം പേര്‍കക്കും വാക്സിന്‍ നല്‍കി.
സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാരിന്റെ അംഗീകൃത നയങ്ങള്‍ക്കെതിരെ അധ്യാപകര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ കെട്ടി
ക്കിടക്കുന്ന ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കും ഫ്രണ്ട് ഓഫീസ് സംവിധാനം എല്ലാ ജില്ലയിലും നടപ്പാക്കുമെന്നും മന്ത്രി പഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.