തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശ്യമാണെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പുറത്തുവിടണമെന്ന് പറയുന്നവർക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ? അതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ച് പറയുന്നതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശ്യം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. അല്ലാതെ റിപ്പോർട്ട് തള്ളിക്കളയുകല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി യോഗം വിളിച്ചിരുന്നു. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More: അത് ക്രൈമാണ്, ലാഘവത്തോടെ കാണരുത്; ഐസിസി വിഷയത്തിൽ മാല പാർവതി