scorecardresearch
Latest News

‘വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു;’ ദുഃഖവും ഖേദവും പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്ന് സജി ചെറിയാൻ നിയമസഭയിൽ നൽകിയ വിശദീകരണത്തിൽ പറഞ്ഞു

Saji Cheriyan, Controversial speech, Mallappally

തിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണു താനെന്നു മന്ത്രി സജി ചെറിയാന്‍. താന്‍ ഭരണഘടനയെ വിമര്‍ശിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം നിയമഭയില്‍ നല്‍കിയ വിശദീകരണത്തതില്‍ പറഞ്ഞു.

വിശദീകരണത്തിന്റെ പൂര്‍ണ രൂപം:

”മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്കു നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങള്‍ക്കു കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്കു ശക്തിയുണ്ടാവില്ലെന്ന ആശങ്കയാണ് എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക – സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ധിക്കുകയാണുണ്ടായത്. നിര്‍ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കുമെന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്കു സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നതു ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്കു പ്രചാരണം ലഭിക്കാനും ഇടവന്നിട്ടുണ്ടെങ്കില്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു.”

മല്ലപ്പള്ളിയില്‍ ‘പ്രതിവാര രാഷ്ട്രീയ നിരീക്ഷണം’ പരിപാടിയിലായിരുന്നു സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരേ വിമര്‍ശമുന്നയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിരിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശം. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

പ്രസംഗം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സജി ചെറിയാനില്‍നിന്ന് വിശദീകരണം തേടിയിരുന്നു. ഭരണഘടനയെ അല്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി നല്‍കിയ മറുപടിയെന്നാണ് അറിയുന്നത്. ഇതിനു പിന്നാലെയാണു സജി ചെറിയാന്‍ നിയമസഭയില്‍ വിശദീകരണം നല്‍കിയത്.

വിഷയത്തില്‍ രാജ്ഭവന്‍ ഇടപെടുകയും മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കും. പരാമര്‍ശം ഗൗരവതരമെങ്കില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Minister saji cherian expresses regret on controversial remarks about indian constitution