തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റൽപെട്ട് കടലിൽ കാണാതായവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ദുരന്തമുണ്ടായിട്ടും നേരത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വൈകിയതില്‍ ഒരു വിഭാഗം പ്രതിഷേധം അറിയിച്ചു. നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ടതോടെ ഉന്തും തളളും ഉണ്ടായി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടകംപളളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ഉണ്ടായിരുന്നു.
കടല്‍ അറിയാവുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ആണെന്നും ഇവരേയും രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ എല്ലാ പിന്തുണയുമായും ഒപ്പമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രിയുടെ വാഹനവും നാട്ടുകാര്‍ തടഞ്ഞു. കൈയേറ്റ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് കടകംപളളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി തിരികെ പോയത്.
പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി പൂന്തുറ സന്ദർശനം റദ്ദാക്കി. ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി പൂന്തുറയിലേക്കുപോകാനായിരുന്നു തീരുമാനം. എന്നാൽ വിഴിഞ്ഞത്തുണ്ടായതിനു സമാനമായ പ്രതിഷേധം പൂന്തറയിലുമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി യാത്ര റദ്ദാക്കുകയായിരുന്നു.
ഞായറാഴ്ച കടലിൽ നടന്ന തെരച്ചിലിൽ അഞ്ച് മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. റവന്യൂമത്സ്യബന്ധന വകുപ്പുകളുടെ കണക്കുകൾ പ്രകാരം 92 മത്സ്യത്തൊഴിലാളികളെയാണ് കാണാനില്ലാത്തത്. ഇവരിൽ ചിലർ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കന്യാകുമാരിയിലേക്ക് തിരിച്ചു. തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രി നാളെ മാത്രമാണ് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് എത്തുക.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയിലാണ് മന്ത്രിയെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന് നിര്‍മല സീതാരാമനെ സ്വീകരിച്ചു. രണ്ടു ദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. നാളെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേനയും സജ്ജമായിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ നാവികസേനയും, വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.