മൂന്നാർ: വി.എസ്.അച്യുതാനന്ദനു മറുപടിയുമായി വൈദ്യുത മന്ത്രി എം.എം.മണി. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവർക്കും അറിയാം. മൂന്നാറിലെ കയ്യേറ്റക്കാരൻ ആരാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. ആരാണ് കയ്യേറ്റക്കാരനെന്ന് പറഞ്ഞു കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. വേണ്ടെന്നു വച്ചിട്ടാണ് മിണ്ടാതിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ടാറ്റയ്ക്കെതിരെ സമരം നടത്തിയ വിഎസ് ഇപ്പോൾ മിണ്ടാതിരിക്കുകയാണ്. ഞങ്ങളെക്കൊണ്ട് ഒരുപാട് സമരം ചെയ്യിപ്പിച്ചു. ഒടുവിൽ പുള്ളി അത് വിട്ടു. പ്രായമായ ആളാണ്. ഇടയ്ക്കിടെ അങ്ങനെ ഓർമപിശക് ഒക്കെ വരും. വിഎസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടെന്ന് പാർട്ടി ഉപദേശിച്ചിട്ടുണ്ട്. എന്നാൽ ചിലതു കേൾക്കുന്പോൾ പ്രതികരിക്കാതിരിക്കാനാവുന്നില്ല.

രാജേന്ദ്രൻ എംഎൽഎയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കുളള മാന്യത പോലും വിഎസിനില്ല. വിഎസിനെക്കാൾ മര്യാദ ഉമ്മൻ ചാണ്ടി കാണിച്ചിട്ടുണ്. രാജേന്ദ്രൻ വർഷങ്ങളായി മൂന്നാറിൽ ജനിച്ചു വളർന്നയാളാണ്. അയാളെയാണ് കയ്യേറ്റക്കാരൻ എന്നു പറയുന്നതെന്നും മണി പറഞ്ഞു.

സിപിഎമ്മിന്റെ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ കയ്യേറ്റക്കാർക്കു വേണ്ടിയാണു വാദിക്കുന്നതെന്നു മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തുറന്നടിച്ചിരുന്നു. രാജേന്ദ്രനെ സംരക്ഷിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകൾ തളളുന്നതായിരുന്നു വിഎസിന്റെ പ്രസ്താവന. ദേവികുളത്തെ സിപിഎമ്മിന്റെ എംഎൽഎയായ എസ്. രാജേന്ദ്രൻ കയ്യേറ്റക്കാർക്കുവേണ്ടി വാദിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയപ്പോൾ, അക്കാര്യത്തിൽ സംശയമുണ്ടോ എന്നായിരുന്നു വിഎസിന്റെ മറുചോദ്യം. ആവശ്യമായി വന്നാൽ താൻ വീണ്ടും മൂന്നാർ സന്ദർശിക്കുമെന്നും വിഎസ് പറഞ്ഞിരുന്നു.

രാജേന്ദ്രന്റേത് വ്യാജ പട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുൾപ്പെടുന്ന സ്ഥലത്താണ് വീടു നിർമിച്ചിരിക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ തനിക്ക് എട്ടു സെന്റ് ഭൂമിയുണ്ടെന്നും പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ അവകാശവാദം. രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നും അതു കയ്യേറ്റ ഭൂമിയാണെന്ന പ്രചാരണം നേരത്തേയുള്ളതാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.