തൊടുപുഴ: വിവാദമായ വൺ, ടു, ത്രീ പ്രസംഗം മന്ത്രി എം.എം.മണിയുടെ വിടുതൽ ഹർജി തൊടുപുഴ ഫസ്റ്റ്ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. മണിക്കെതിരെ തൊടുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കോടതി തള്ളി. കോടതി വിധി സർക്കാരിന് ആശ്വാസം പകരുന്നതായി.രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയത് സംബന്ധിച്ച വെളിപ്പെടുത്തലാണ് മണക്കാട് പ്രസംഗത്തിൽ മണി നടത്തിയത്. 2012 മെയ് 25 നാണ് വിവാദ പ്രസംഗം നടത്തിയത്. ടി പിചന്ദ്രശേഖരൻ എന്ന സിപി എമ്മിലെ വടകരയുളള വിമത നേതാവ് കൊല്ലപ്പെട്ടത് വിവാദമായ സാഹചര്യത്തിലായിരുന്നു മണിയുടെ പ്രസംഗം.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് ഈ വിധി വരുന്നത്.

ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നീ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ  കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുളള വെളിപ്പെടുത്തലുകളായിരുന്നു കേസായ വിവാദ പ്രസംഗത്തിന്റെ ഉളളടക്കം. തൊടുപുഴ മണക്കാട് നടത്തിയ ഈ പ്രസംഗം വിവാദമായതോടെ മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.  കൃത്യനിർവ്വഹണം തടയുന്നതിന്, പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതരത്തിൽ പ്രകോപനരമായും ലഹളയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലും പ്രസംഗിച്ചുവെന്നാണ് കേസ്.എന്നാൽ മണിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നാണു കോടതിയുടെ നിരീക്ഷണം.

മണക്കാട്ടെ പ്രസംഗം വിവാദമായതിനെത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ വധക്കേസുകളിൽ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇതിൽ ബേബി അഞ്ചേരി വധക്കേസിൽ മാത്രമാണു തൊടുപുഴ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

1982 നവംബര്‍ 13 നാണ് മേലെ ചെമണ്ണാര്‍ മണക്കാട്ട് വച്ച് വെടിവെയ്പ്പില്‍ യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊലചെയ്യപ്പെട്ടത്. സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കേ 2012 മെയ് 25 ന്, അന്ന് ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന മണി നടത്തിയ വിവാദ വണ്‍, ടു, ത്രീ പ്രസംഗത്തിലാണ് ബേബിയെ സിപിഎം കൊല ചെയ്തതായി വ്യക്തമാക്കിയത്.

‘ശാന്തന്‍ പാറയില്‍ പാര്‍ട്ടിക്കാർക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഞങ്ങള്‍ ഒരു പ്രസ്താവന ഇറക്കി, 13 പേര്‍. വണ്‍, ടു, ത്രീ, ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാ കൊന്നത് ഒന്നിനെ, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ,’ എന്നായിരുന്നു മണിയുടെ പ്രസംഗത്തിലെ വെളിപ്പെടുത്തല്‍. പിന്നീട് അടിമാലി പത്താം മൈലിലും മണി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. മുള്ളഞ്ചിറ മത്തായിയെ 1983 ജനുവരിയില്‍ അടിച്ചു കൊന്നു, മുട്ടുകാട് നാണപ്പനെ ജൂണ്‍ 1983-ല്‍ കുത്തിക്കൊന്നു, ബാലുവിനെ 2004 ല്‍ വെട്ടിക്കൊന്നു, അഞ്ചേരി ബേബിയെ 1982 നവംബര്‍ 13 ന് വെടിവച്ചുകൊന്നു എന്നീ കാര്യങ്ങള്‍ മണിയാണ് വെളിപ്പെടുത്തിയത്. അയ്യപ്പദാസ് എന്ന സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ബാലുവിന്റെ വധത്തിലേക്ക് എത്തിയത്. ഗൂഢാലോചനയും, വിവരം മറച്ചുവെക്കല്‍ കുറ്റവും ചുമത്തി എം.എം.മണിയെ രണ്ടാം പ്രതിയാക്കിയും  പൊലീസ് കേസെടുത്തിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് വിവാദമായ സാഹചര്യത്തിലാണ് മണി ഈ പ്രസംഗം നടത്തി കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചത്.

മണി കുറ്റക്കാരനെന്ന് കാണിച്ച് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ പുതിയ സര്‍ക്കാര്‍ നീക്കിയരുന്നില്ല. സംസ്ഥാന മന്ത്രിസഭ രൂപീകരണ സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലെ മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ഏക നേതാവ് എം.എം.മണിയായിരുന്നു. മന്ത്രിയായ ശേഷം എം.എം.മണി തൊടുപുഴ കോടതിയില്‍ ഹാജരായിരുന്നു.

പത്ത് മാസത്തിനുളളിൽ രണ്ട് മന്ത്രിമാരുടെ രാജിയാണ്  പിണറായി വിജയൻസർക്കാരിന് നേരിടേണ്ടിവന്നത്. എം എം . മണി വിവാദങ്ങളിൽപ്പെട്ടുഴലുമ്പോൾ കൊലപാതക കേസ് കൂടി വന്നാൽ സർക്കാരിന് തലവേദന ഏറുമായിരുന്നു.  ഇ പി ജയരാജൻ ബന്ധുനിയമന വിവാദത്തെ തുടർന്നും എ കെ ശശീന്ദ്രൻ ഫോൺവിളി വിവാദത്തെ തുടർന്നുമാണ് രാജിവെയ്ക്കേണ്ടി വന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ